Sunday, June 24, 2012

ഇരുട്ട് ..ഒരോര്‍മ


വെളുത്ത പകലുകളെക്കാള്‍
ഇരുണ്ട രാത്രിയെ,
നിറഞ്ഞ വെളിച്ചത്തെക്കാള്‍ 
ഇരുളടച്ച മുറിയെ
ഞാന്‍ സ്നേഹിക്കുന്നു..
പവര്‍ കട്ട് എനിക്കിഷ്ടമാണ്..
ഞാന്‍ കാത്തിരിക്കും ആ അര മണിക്കൂറിന്‍റെ 
സൌമ്യതയെ..
ഒരു മെഴുതിരിയുടെ അരണ്ട വെളിച്ചം 
അതു  മാത്രം
ഞാന്‍  അനുവദിയ്ക്കും  ..
ഇരുട്ടില്‍ ഞാന്‍ വെറുതെ ചുരുണ്ട് കിടക്കും,
നീ  തെക്കേ അകത്തെ ചുമന്ന മിനുസന്‍ തറയിലെ 
തണുപ്പില്‍ കിടന്ന്  
നിലാവിലേയ്ക്ക്  ഉറ്റു നോക്കുന്നതും നോക്കി!

ടി . വിയിലെ  അസഹനീയ ശബ്ദങ്ങള്‍ നമ്മെ ശല്യപ്പെടുത്തില്ല..
വെളിച്ചത്തിന്‍റെ തീയമ്പുകള്‍ കണ്ണില്‍ കുത്തി വേദനിപ്പിച്ചു കളിക്കില്ല 
അരമണിക്കൂറിന്‍റെ ആ  ആനന്ദം ,
വാക്കുകള്‍ക്കു താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു..
എങ്കിലും,
ഒരു ദിവസം,
(ഒരിക്കലും മറക്കാനാവാത്ത ആ ദിവസത്തെ
ഞാന്‍ ഇന്നും വെറുക്കുന്നു..)
ഒരു വലിയ പെട്ടിയില്‍ പൊതിഞ്ഞു വന്ന 
ഒരു ഇന്‍വെര്‍ടര്‍,
എന്‍റെ എല്ലാ ആനന്ദങ്ങളെയും
വെളിച്ചത്തില്‍ മുക്കിക്കൊന്നു കളഞ്ഞു..

A Walden for you, BJ :)

ഞാന്‍  ജീവിതത്തിന്‍റെ  എല്ലാ വര്‍ണശബളിമയും 
വാരിപ്പുതയ്ക്കുന്നു ..
മധു പാത്രങ്ങള്‍ എന്നെ  കടലോളം കാടോളം, കുന്നോളം
ആകര്‍ഷിയ്ക്കുന്നു..
മരണം പോലെ സുന്ദരമാണ് ജീവിതവും..
ജീവിതം പോലെ വശ്യമാണ് മരണവും...
ആകെ ബോറ് ഈ നൂല്പാലമാണ്  ...
അതിന്മേലെ ഉള്ള ഈ ഞാണ് കളി..

ഒരു ദിവസം ഞാന്‍ രണ്ടിലൊന്ന്  തീരുമാനിയ്ക്കും,
പക്ഷെ  നീ കൂടെ വരേണ്ടി വരും
കാടായാലും കടലായാലും
നീ കൂടെ വരേണ്ടി വരും..
കാടാണെങ്കില്‍ ,
നമ്മുടെ വാല്‍ഡണ്‍ വരച്ചുവെയ്ക്കാം..
പിന്നെ വരകള്‍ക്ക്  ജീവന്‍റെ സംഗീതം പകരുന്ന 
മാന്ത്രിക ബ്രഷ് തേടിപ്പോകാം..
കടലാണെങ്കില്‍,
എല്‍ഫുകളും മെര്‍മെയിഡുകളും 
നിന്നെ വരവേല്‍ക്കാന്‍ ഡോള്‍ഫിനുകളുടെ പുറമേറി,
തിരകളുടെ കുതിപ്പില്‍ തീരങ്ങള്‍ തേടി വരും..
എന്ത് വേണമെന്ന് നീ തന്നെ പറയ്‌..
എന്‍റെ നീല  ഹയാസിന്തു കളുടെ രാജകുമാരാ...

Friday, June 22, 2012

വെറുതെ, നേരമ്പോക്കിന് വേണ്ടി ചില കുറിപ്പുകള്‍

മഴ തകര്‍ത്തു പെയ്യുമ്പോള്‍ ഭൂമിയും ആകാശവും ഒന്നായി മാറുന്നു.. 
നരച്ച വെള്ളി നിറമുള്ള  ഒരു വലിയ പുതപ്പു പോലെ..
മഴ നൂല്‍ കൊണ്ട്  നെയ്ത ആ പുതപ്പിനുള്ളില്‍  ഉറങ്ങാതെയു
റങ്ങുക എനിക്കിഷ്ടമാണ്..
മഴയ്ക്ക്  എന്നെ ഒരു പ്യൂപ്പയാക്കി  മാറ്റാന്‍ നിമിഷങ്ങള്‍ മതി...
ആഗ്രഹങ്ങളും നേട്ടങ്ങളും നഷ്ടങ്ങളും ഒന്നുമലട്ടാത്ത  പ്യൂപ്പ ...

ഓര്‍മകളുടെ ഒരു നേര്‍ത്ത   ആരവമായിട്ടാണ്   മഴ വന്നു ചേരുക..
ഉയര്‍ന്നുയര്‍ന്നു ഉച്ചസ്ഥായിയില്‍ എത്തുന്ന ഒരു ക്രെഷന്ഡോ പോലെ..മഴ അവിരാമം അങ്ങനെ  പെയ്യുമ്പോള്‍  പഴയ ഓര്‍മകളിലേയ്ക്ക് മടങ്ങിപ്പോകുന്നതാണ് എനിക്കിഷ്ടം..
പിന്നെ വരാനുള്ളത്  പരിചിത ഗന്ധങ്ങളുടെ ഘോഷയാത്രയാണ്..

കൊട്ടത്തളത്തിന്‍റെ  കല്‍പ്പടിക്കല്‍ പൂത്ത പിച്ചകത്തിന്‍റെ തീവ്ര ഗന്ധം..
അമ്മമ്മയുടെ ഭസ്മപ്പെട്ടിയുടെ അനിര്‍വചനീയ സുഗന്ധം...
പിന്നെ മുത്തശ്ശിയുടെ മുണ്ടു പെട്ടിയില്‍ നിന്നുയരുന്ന ചന്ദന ഗന്ധം..
മണ്ടകത്തില്‍ അണഞ്ഞു തുടങ്ങിയ തിരികളുടെ എണ്ണ മണം..
നെടുമ്പൊരയില്‍ പുഴുങ്ങിയ നെല്ലിന്‍റെ നനഞ്ഞ ഗന്ധം..

അടുക്കളയില്‍ നിന്നുയരുന്ന സമ്മിശ്ര ഗന്ധങ്ങള്‍...
കനലടുപ്പില്‍ ചോറ് വേവുന്നതിന്‍റെ ..
ചീനച്ചട്ടിയില്‍ കടുകും മുളകും മൂക്കുന്നതിന്‍റെ ...എരിശ്ശേരിയില്‍ തേങ്ങ വറുത്തിടുന്നതിന്‍റെ...നനവ്‌ തട്ടിയ കൊപ്രയുടെ.. 
അയയില്‍ ഉണങ്ങാനിട്ട  തുണികള്‍ വമിപ്പിക്കുന്ന  501   ബാര്‍സോപ്പിന്‍റെ .. 
അമ്മയുടെ തണുത്ത വയറില്‍ മുഖം ഉരുമ്മുമ്പോള്‍ രാധാസ് സോപ്പിന്‍റെ  
സുഗന്ധം..

ഓര്‍മകളുടെ കളി വിചിത്രമാണ്..
പാതി പൂഴിയില്‍ മറഞ്ഞ  ഒരു ജുമാന്ജി ബോക്സ്‌ ല്‍ നിന്നെന്ന പോലെ പ്രകമ്പിത  ശബ്ദങ്ങളുടെ അകമ്പടിയോടെ , അവ കടന്നു വരുന്നു ..
ഒന്നോ രണ്ടോ കരുക്കള്‍  നീക്കി വെക്കുകയെ വേണ്ടു..മറവിയുടെ കനത്ത കരിമ്പടങ്ങള്‍  മാറ്റി അനേകം മുഖങ്ങള്‍ ഇരുട്ടില്‍ തെളിഞ്ഞു വരും.. 


ഒരിക്കല്‍ ഒരു സുഹൃത്ത്‌ ചോദിച്ചു : നിനക്ക് പറയാന്‍ ഈ ഓര്‍മകളുടെ കണക്കെ ഉള്ളോ? 
അതെ... എന്‍റെ പക്കല്‍ ഈ   കഥകളെ  ഉള്ളു..
ഇവയാണ്  എന്‍റെ  വഴിവിളക്കുകള്‍..



Thursday, June 14, 2012


Memory is a late running train,
That runs slow, dizzying people,
In the sleepy platforms of an insipid April,
Waiting with tremendous volumes of patience and hopes
That life has taught them to live with.

Train of memories spat smolders of vexed desire,
Made crossing fields sprout corns in the season of ripen desires.
We should not lie to parrots and sparrows that,
They hold juices of sweet innocence!
But nuggets of guilt never simply go down
They leave eternal taints
and scrapes of boundless hurt.






Tuesday, June 12, 2012

ഒരു കാലവര്‍ഷവും ഒട്ടേറെ ഓര്‍മകളും..


പിന്നെയും മഴ പെയ്യുന്നു...മാനം നിറയെ..പറമ്പും ഇടവഴിയും നിറയെ..
മഴ പെയ്തു തോരുമ്പോള്‍ മരങ്ങള്‍ പെയ്തു തുടങ്ങും..
ഇടവേളകളില്‍ തീറ്റ  തേടിയിറങ്ങുന്ന കാക്കക്കൂട്ടം..

പണ്ട് വീടുകളില്‍ മെടഞ്ഞ തെങ്ങോലകള്‍ പറ൦  വെയ്ക്കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു..നാല് കല്ലിന്മേല്‍ കുറുകെ വെച്ച പട്ടികയ്ക്ക് മീതെ തലങ്ങും വിലങ്ങും ഓലകള്‍ വെയ്ക്കും..ചിതലരിയ്ക്കാതെ സൂക്ഷിക്കാന്‍ താഴെ ഉറുമ്പ് പൊടിയും ഇടും..മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍  പറത്തിന്‍റെ മീതെ താര്‍പ്പായയോ  മറ്റോ വിരിച്ചു മൂടി വെക്കണം.....ഇല്ലെങ്കില്‍ ഉണക്കിയെടുത്ത ഓലകളൊക്കെ മഴ നനഞ്ഞു  ചീര്‍ക്കും..

മഴ പെയ്തിരുണ്ട  സന്ധ്യകളില്‍ ഉമ്മറത്തെ നാമജപത്തോടൊപ്പം മുറ്റത്തെ കല്ലിടുക്കില്‍ തവളകളുടെ ഭേരി കേട്ടു തുടങ്ങും..മുറ്റത്തെ വെള്ളപ്പാച്ചിലില്‍ നെറ്റിയാപ്പൊട്ടന്മാരും കുളസൂരികളും തിമര്‍ത്തു നീന്തി നടക്കുന്നത് നോക്കി ചുമ്മാ കിടക്കാം..കാച്ചിലും ശര്‍ക്കരയിട്ട കട്ടന്‍ കാപ്പിയും കഴിക്കാന്‍ നടുത്തളത്തിലേയ്ക്ക്  ഒരോട്ടമോടാം ...
രാത്രി....ഉറക്കം തൂങ്ങുന്ന  എന്നെ മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കിടത്തി അമ്മ അടുക്കളയിലേക്കു പോകും..ഇടയ്ക്ക്  ഉറക്കം ഞെട്ടിയുണര്‍ന്നാല്‍ ഇരുട്ട്  കണ്ടു പേടിച്ചു കരയുന്ന ഞാന്‍..ജനലിലൂടെ പുറത്തേയ്ക്ക് നോക്കാന്‍ പേടി...അപ്പുറം സര്‍പ്പക്കാവാണ്..അവിടെ നാഗദേവതയുണ്ട് ...ആദിദേവനും..കൂറ്റന്‍ മരങ്ങളില്‍ നിന്നും തൂങ്ങിയാടുന്ന വള്ളികളില്‍ സര്‍പമുണ്ട്..കാരണവന്മാര്‍ 'നാരായണന്‍'  'കാര്‍ത്തികേയന്‍' 'അനന്തന്‍'  എന്നൊക്കെ പേര് ചൊല്ലി  വിളിച്ചാല്‍ വിളിപ്പുറത്തെതുന്ന   നാഗ രൂപികള്‍ ..
മുറ്റത്തെ വലിയ കല്ലിനു താഴെ അഞ്ചു തലയുള്ള പാമ്പ് താമസിക്കുന്നുണ്ട് എന്ന് കുട്ടികളായ ഞങ്ങളെ പറഞ്ഞു പേടിപ്പിച്ചു വെച്ചിട്ടുണ്ട്..കാവില്‍ തീക്കണ്ണ്കള്‍ പോലെ തിളങ്ങുന്നത് കാണാം...കള്ളുണ്ണിയുടെ (മരപ്പട്ടി) കണ്ണുകള്‍ ആയിരുന്നു അത്...അന്നതു അറിയില്ല..മാടനും മറുതയും ഒക്കെയാവും എന്നാണു പറഞ്ഞു കേട്ടത്..പിന്നെ കുട്ടിച്ചാത്തന്‍ താമസിക്കുന്ന കാഞ്ഞിരം..പേടിക്കാന്‍ കാരണങ്ങള്‍ ധാരാളം! 

ഉച്ചനേരത്താണെങ്കില്‍  ആരും പറമ്പില്‍ അലഞ്ഞു നടക്കില്ല..തേരോട്ടം നടത്തുന്ന ഒരു ദൈവം ഉണ്ടത്രേ...തേര് പോകുന്ന വഴിയില്‍ നമ്മള്‍ എത്തിപ്പെട്ടാല്‍ പിന്നെ മൂന്നാല് മാസം ആധിയും വ്യാധിയും..അതാണ്‌ കണക്ക്! ചോറ് കഴിഞ്ഞു വിശ്രമിക്കുന്ന ആശാരിമാരും വേലക്കാരും ഉച്ചനേരം കഴിഞ്ഞേ ബാക്കി ജോലികള്‍ ചെയ്തു തുടങ്ങൂ...ഉച്ചയ്ക്ക് പറമ്പില്‍ അലയാന്‍ എനിക്കിഷ്ടമായിരുന്നു..പക്ഷെ സമ്മതമില്ല...ഒരു കഥയുണ്ട്..പുളി പെറുക്കാന്‍ പോയ  എന്‍റെ ഇളയമ്മ  അദൃശ്യമായതും എന്നാല്‍ വലിച്ചുപിടിക്കുന്ന പോലെ കാന്തികത ഉള്ളതുമായ എന്തോ ഒന്ന് തനിയ്ക്ക്  ചുറ്റുമുള്ളതായി  തോന്നി തല കറങ്ങി വീണു...ബോധം തെളിഞ്ഞപ്പോള്‍  പേടിച്ചു വശായ ഇളയമ്മ ഒരു മാസം ജ്വരം പിടിച്ചു കിടന്നു എന്നാണു കഥ..അമ്മമ്മയുടെ കണ്ണ് വെട്ടിച്ച്  അലഞ്ഞു തിരിഞ്ഞ ഉച്ചകളില്‍ എന്തായാലും ഞാന്‍ തേരു വഴിയില്‍ കുടുങ്ങിയില്ല ...

മണല്‍ വന്നു പനിച്ചു കിടന്ന മറ്റൊരു മഴക്കാലം...ദേഹത്ത്  മണല്‍ വാരി വിതറിയ പോലുള്ള പൊങ്ങലുകള്‍ മാറ്റാന്‍ അമ്മമ്മ ഇളനീര്   ശര്‍ക്കരയും ചുമന്നുള്ളി അരിഞ്ഞിട്ടതും ചേര്‍ത്ത് തിന്നാന്‍ തരും..അച്ഛന്‍  ഓഫീസില്‍ പോകുന്നതിനു മുന്നേ മുന്തിരിയും കൈതച്ചക്കയും നീരെടുത്ത് നീളന്‍ കുപ്പികളില്‍ നിറച്ചു വെയ്ക്കും..പനി മൂത്ത കാരണം വാ നിറയെ അരുചിയാണ്..എങ്കിലും അടുക്കളയില്‍ ദേവിയെടുത്തി ഉണ്ടാക്കുന്ന ഞെരിപത്തിരിയും ഉരുളക്കിഴങ്ങ് പാലൊഴിച്ച കറിയും  ഓടിപ്പോയ  രുചികളെ ആവാഹിച്ചു വരുത്തും..വാശി പിടിച്ചു കരഞ്ഞാലും ആരുടേയും മനസ്സലിയില്ല...പനി മാറും വരെ എണ്ണ തൊടീക്കില്ല..അതാണ് നിയമം! പക്ഷെ ഒരാളുണ്ട്..അയാളോട് പത്തിരി തരുവോ തരുവോ എന്ന് ചോദിച്ചു പിറകെ  നടക്കണം...ചേച്ചിയാണ് അയാള്‍..റേഷന്‍ തരുന്ന പോലെ ഒരു കഷ്ണം തന്നു..ഒരു അമരപ്പയറിന്‍റെ അത്രേം ചെറിയ ഒരു കഷ്ണം...

പടിപ്പുരയില്‍ ഇനിഞ്ഞു കത്തുന്ന പാനീസ്  വിളക്ക് ..ഉമ്മറത്തെ ഇരുത്തിയില്‍    ഇരുട്ടിലേക്ക്   കണ്ണ് നട്ടിരിക്കുന്ന മുത്തശ്ശി ..സഞ്ചാരിയായി നാട് വിട്ടുപോയ   മകന്  വേണ്ടിയുള്ള കാത്തിരിപ്പാണ് അത്...പിന്നെ പിച്ചക മണം മൂത്തു കനത്ത്   മുത്തശ്ശിയുടെ നിശ്വാസവും കലര്‍ന്ന് ഉന്മാദം പൂണ്ട  കാലവര്‍ഷം പടിവാതിലില്‍ ഇരമ്പിയാര്‍ക്കും..പാനീസു വിളക്കിന്‍റെ  തിരി കെടുത്തി മുത്തശ്ശി  പടിഞ്ഞാറ്റയിലേയ്ക്കു വേച്ചു വേച്ചു പോകുന്നത്..ഒരിയ്ക്കലും  മറക്കാനാകാത്തൊരു മഴച്ചിത്രം... ഇന്നും കാലവര്‍ഷം പെയ്യുമ്പോള്‍ ആ നേര്‍ത്ത കാലടിയൊച്ചകള്‍ കേള്‍ക്കുന്നത് പോലെ തോന്നാറുണ്ട്..
മഴച്ചാറ്റല്‍ കയ്യിലെടുത്തു കളിക്കുന്ന എന്നെ നോക്കി "ചിമ്മാനി കൊള്ളണ്ട ഓമേ..." എന്ന് പറയുന്ന അമ്മമ്മയുടെ മുഖം...മറ്റൊരു മഴച്ചിത്രം..'ചിമ്മാനി' എന്നാല്‍, ചെരിഞ്ഞു പെയ്യുമ്പോള്‍  ഉമ്മറക്കോലയിലേയ്ക്കു  തെറിച്ചു വീഴുന്ന മഴച്ചാറ്റല്‍.. ...'ഓമ'  എന്നാല്‍ ഓമന എന്നതിന്‍റെ ചുരുക്കപ്പേര്.. അമ്മമ്മയുടെ വാക്കുകള്‍ അങ്ങനെയൊക്കെയാണ്...അമ്മമ്മ പോയ ശേഷം അതൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല..
എത്രെയേറെ ഓര്‍മകളാണ്..ഏറെ ഭാരിച്ചത്...എന്നാല്‍ വഴിയില്‍ ഉപേക്ഷിച്ചു പോരാന്‍  തോന്നുകയുമില്ല...ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ഓര്‍മകളാണ് ഏറ്റവും കൂടുതല്‍ ശേഷിപ്പ് എന്ന് തോന്നും... ഒരു വര്‍ഷം മുഴുക്കെ പല രീതിയില്‍ പല വേഷത്തില്‍ ജീവിച്ചു തീര്‍ക്കും..ശേഷം ഓര്‍മകള്‍ക്ക് പെയ്തു തീരാന്‍ വേണ്ടി മാത്രം ഒരു കാലം വന്നെത്തും.. മഴക്കാലം..

എല്ലാ മഴക്കാലത്തും വിരുന്നു വരാറുള്ള ആ കിളിയുടെ കരച്ചില്‍ ഇന്നും  കേള്‍ക്കാനുണ്ട്...'കുട്ടി ചത്തു പോയ്‌' എന്ന് പറയുന്ന ആ കിളി...  കണ്ണെത്താ ദൂരം  പരന്നു  കിടക്കുന്ന പറമ്പിലെ   ബഹുശാഖിയായ   കാഞ്ഞിരത്തിലും  തെക്കേ പറമ്പിലെ  ഇളംപച്ച കുഞ്ഞിലകള്‍  ചറപിറെയനങ്ങുന്ന  ചന്ദനമരത്തിലും,  മധുരക്കുടുക്കകള്‍ നിറഞ്ഞ  പഞ്ചാര മാവിലും ഒളിച്ചിരുന്ന്  സ്വയം മറന്നു  പാടിയിരുന്ന   ആ കിളി.. മഴക്കാലത്ത്‌ വന്നെത്തുന്ന  ആ വിരുന്നുകാരന്‍റെ പേരെന്താണ്? 
ഇവിടെ  ആളുകള്‍ തിങ്ങി തിങ്ങി പാര്‍ക്കുന്ന ഈ നഗരത്തില്‍ ,  ഒളിച്ചിരിയ്ക്കാന്‍ കനപ്പുകളുള്ള ഒരു  തരു  പോലുമില്ലാത്ത  ഈ നരച്ച  ഭൂമിയില്‍ ,  എവിടെയിരുന്നാണ് ആ കിളി പാടുന്നത്! 





Saturday, June 9, 2012

After your marriage..






A yellow steamer
Cut across the steel like glaze of water.
Trees shed yellow leaves,
After the day of your marriage,
When I stood in unaccustomed solitude.

Your black eyelashes
And golden palms often come in memory...
The night before, your countless sufferings,
We hardly slept...

Songs of drunken men,
Taps on wooden tables,
Brought in by the night wind...
When I put mehndi in your palms.

Your vine red silk tussled as you walked...
Now it’s like looking through a kaleidoscope,
Poignant yet colorful glitters of life vividly shimmered.

As you left, I stood beneath the solitary sun,
Everything blurred...
Through the dark glass window,
Torment in your eyes reflected...

I am standing alone,
doing nothing to evade solitude.
On the broken pavement of foreshore road,
Where we once stood waiting for bus,
....We always missed bus..