മഴ ഒരു തരം വാശിയോടെ എന്ന പോലെ തകര്‍ത്തു പെയ്യുന്നു...വിണ്ടുകീറാന്‍ തുടങ്ങിയ ഭൂമിയ്ക്ക് മീതെ മഴ നടത്തുന്ന നീരാജനം നോക്കി ചുമ്മാ ഇരുന്നപ്പോള്‍ കോളിംഗ് ബെല്‍പറവ ചിലച്ചു.. ഇതാരാണപ്പാ ഇമ്മഴേത്ത് എന്ന് പിറുപിറുത്തു ജനല്‍ തുറന്നു നോക്കിയപ്പോള്‍ ഇരുത്തിയുടെ പടിയില്‍ പിടിച്ചു ഒരു വൃദ്ധനായ മനുഷ്യന്‍........
...ഒരു കറുപ്പ് ഇഴ പോലുമില്ലാതെ നരച്ചു തീര്‍ന്ന വെളുത്ത താടി...നരച്ചെങ്കിലും വെണ്മയുള്ള നീളന്‍ കൈ ഷര്‍ട്ട്....പരുക്കന്‍ മുണ്ട്..ചിത്ര തുന്നലുകള്‍ നിറഞ്ഞ വെളുത്ത തൊപ്പി...കണവ നാക്ക് പോലെ അടിതേഞ്ഞു തീര്‍ന്ന പഴയ ഹവായി ചെരിപ്പ്...
ഇതിഹാസത്തില്‍ നിന്നും, വിസ്മൃതിയുടെ തോലുകള്‍ ഉരിഞ്ഞു കളഞ്ഞ്, അള്ളാപ്പിച്ചാ മൊല്ലാക്ക നേരില്‍ വന്ന പോലെ...
കിഴക്കന്‍ കാറ്റ് വീശുന്നുണ്ടോ?
നിറഞ്ഞ ചിരി..എങ്കിലും എവിടെയോ ഒരു ദയനീയത തങ്ങി..
വാതില്‍ തുറന്നു ചെന്നപ്പോള്‍ എന്നെ കണ്ടു ചെറുതായൊന്നു പരുങ്ങി, അതേ നിറഞ്ഞ ചിരിയോടെ പറഞ്ഞു, "മോളെ, വീട് മാറി കയറി പോയതാണ്.., മുസ്ലിങ്ങളെ വീടാന്നു തോന്നി കേറീതാണ്" .. ഭാര്യയ്ക്ക് കാന്‍സര്‍ ആണ്..ചികിത്സയ്ക്ക് പണം സ്വരുക്കൂട്ടാന്‍ ഇറങ്ങിയതാ, ഗേറ്റ്ന്‍റെ അപ്പറത്തെ പള്ളീലെ ഉസ്താദായിനും മോളെ ..."
അപ്പോള്‍ മഴ തകര്‍പ്പ് നിര്‍ത്തി, ചെറുതായി ചിതറി വീഴുന്നുണ്ടായിരുന്നു...
മുറ്റത്തെ മഞ്ഞ മുളങ്കൂട്ടത്തില്‍ അഭയം തേടിയ ചെമ്പോത്തുകള്‍ ഇടവിട്ടു കുറുകി..
പതിയ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങിയ വൃദ്ധനെ ഞാന്‍ തിരിച്ചു വിളിച്ചു..
കയ്യില്‍ കിട്ടിയ കുറച്ച് രൂപ ആ ചുളിഞ്ഞ വൃദ്ധ കരങ്ങളില്‍ വെച്ച് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അദേഹം പെട്ടെന്ന് പറഞ്ഞു " അയ്യോ മോളെ നിങ്ങള്‍ ഒന്നും തരണ്ട..ഞാന്‍ പൊയ്ക്കോളാം..."
എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അദേഹം ആ പൈസ വാങ്ങി.. " പടച്ചോന്‍ കാക്കട്ടെ മോളെ"...അള്ളാ.."
പിന്നെ കൈകള്‍ രണ്ടും ആകാശത്തെയ്ക്കുയര്‍ത്തി ധ്യാനിച്ചു.. , മുറ്റത്തെ ഓരം ചേര്‍ന്ന് തിരിഞ്ഞു നടന്നു..
അപ്പോള്‍ ഖസാക്കില്‍ പെയ്തതു പോലെ വെളുത്ത മഴ എന്‍റെ മുറ്റത്ത് പെയ്തു കൊണ്ടേയിരുന്നു...അനാദിയായ അതേ മഴ.