Thursday, June 24, 2010

മരങ്ങള്‍ നഷ്ടപ്പെട്ടവര്‍.

ഞങ്ങള്‍, ഒരു പകല്‍ കൊണ്ട്  മരങ്ങള്‍ നഷ്ടപ്പെട്ടവര്‍.
ചാരു നീലാകാശം കണ്ടു ശാന്തമായുറങ്ങിയവര്‍.
പൂക്കളിറുക്കാതെ ,
പുല്ലിനെ വേദനിപ്പിക്കാതെ നടന്നു പോകുന്നവര്‍...
ഞങ്ങളുണര്‍ന്നു വന്നപ്പോഴേക്കും,
ആ മരങ്ങളൊക്കെ നഷ്ടമായിരുന്നു...

സ്വപ്നം പോലൊരു മുള്ളിലവ്..
ചാരി മയങ്ങിയ പൂവള്ളി..
ചന്ദ്രക്കാരന്‍ മാങ്ങയുടെ മണം വിട്ടു പോയില്ല..
മുറിച്ചിട്ട ചില്ലക്കൈകളില്‍,
ഉണ്ണിമാങ്ങകള്‍ ഉറങ്ങിക്കിടന്നു..
ആഞ്ഞിലിച്ചക്കകള്‍ സ്വര്‍ണ നിറമുള്ള
ഉള്ളുചിതറി ചെളിമണ്ണില്‍ പൂണ്ടു. 
കുടിയിറക്കപ്പെട്ടവര്‍ 
ചിറകടികളുടെ വിഹ്വലതയില്‍ ഒറ്റപ്പെട്ടു..

മരങ്ങള്‍ നഷ്ടമായ പറമ്പില്‍
ആ വീട് , (ഇനിയത് ഞങ്ങളുടേതല്ല)
ദിനോസറിന്‍റെ അസ്ഥികൂടം പോലെ
വിളറി വെറുങ്ങലിച്ചു നിന്നു...

രാത്രി ഉറക്കം വരാതെ കിടന്നപ്പോള്‍‍,
അവന്‍ പറഞ്ഞു:
"നമ്മുടെ വീട്ടില്‍ നിറയെ മരങ്ങള്‍ വേണം...
നടപ്പാതയ്ക്ക് ഇരുവശവും
മെയ്‌ ഫ്ലവറും കണിക്കൊന്നയും,
കത്തുന്ന പൂക്കൂടകള്‍ പിടിയ്ക്കണം..."

മരങ്ങള്‍ നഷ്ടപ്പെട്ടവന്‍റെ ദുഃഖം
കടലിലും കാറ്റിലുമൊതുങ്ങില്ല..
അടിയൊഴുക്കില്‍ പൂണ്ട്,
മഞ്ഞുമല പോലെ തുമ്പ്  മാത്രം വെളിപ്പെട്ട്,
തീവ്രമായ ഒരു കഷ്ണം നിലാവ് പോലെ
നീലിച്ചു കനത്ത ഒരു തുള്ളി കാനല്‍ വെള്ളം പോലെ
അത് ,
അവന്‍റെ കണ്ണില്‍ പറ്റികിടന്നു..

Tuesday, June 15, 2010

വെറുതെയിരിക്കുമ്പോള്‍
ഒരു കവിത എഴുതാം
എന്നാരോ പറഞ്ഞു...
വെറുതെയിരുന്നില്ല,
കവിത എഴുതിയുമില്ല..

നാഴികയ്ക്ക് നാല്പതു വട്ടം വെള്ളം കോരി,
അടുപ്പില്‍ തീയണയാതെ നോക്കി,
തുണികള്‍ വെളുപ്പിച്ചു തന്നെ നിര്‍ത്തി,..
ചൂടാറാത്ത ചായയും
നറും മണം പോകാത്ത പിട്ടും,
വെന്തു മലര്‍ന്ന ചോറും,
അടുക്കളയില്‍ പുതുജന്മങ്ങള്‍ ഉയിര്‍ത്തുകൊണ്ടിരുന്നു..

ഇടയ്ക്കെപ്പോഴോ ജനലിലൂടെ വന്ന മഴ നോക്കിച്ചിരിച്ചു..
പിച്ചകം പൂത്തെന്നു കാറ്റ് വന്നു പറഞ്ഞു...
പുലര്‍ച്ചെ കിണറ്റിന്‍ കരയില്‍
മുഖം കഴുകുമ്പോള്‍
ഉദയസൂര്യന്‍റെ ഇളം രശ്മികള്‍ കണ്ണിറുക്കി...
എങ്കിലും,
വെറുതെയിരുന്നില്ല,
കവിത എഴുതിയുമില്ല.

മഞ്ഞപ്പൂക്കള്‍ക്കിടയിലെ വെളുത്ത മുയല്‍

പണ്ട് നമ്മള്‍ സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്ന കാലം,
ഇന്ന് പൊടുന്നനെ,
ഒരു മുന്നറിയിപ്പുമില്ലാതെ,
എന്നെ തേടി വന്നു..  

രാജശ്രീബസ്‌ സഡന്‍ബ്രേക്ക്‌ ഇട്ടപ്പോള്‍,
മുന്നിലെ പെട്ടിപ്പുറത്തിരുന്ന നീ
തെറിച്ചു വീണത്‌...

നിന്‍റെ കയ്യിലെ പൂമ്പാറ്റയും ഒപ്പം തെറിച്ചുപോയി...
മഞ്ഞപൂക്കള്‍ക്കിടയില്‍ ഇരുന്ന വെളുത്ത മുയല്‍...
അതായിരുന്നു മുഖചിത്രം...

എന്ത് കൊണ്ടോ ആ ചിത്രം എന്നെ പിന്തുടര്‍ന്നു...
എന്നും...

കൂട്ടുകാരീ ആ പഴയ ഒരു ദിവസത്തിന്‍റെ ഓര്‍മയ്ക്ക്...

പഴയ ഒരു ദിവസത്തിന്‍റെ ഓര്‍മയില്‍ കുതിര്‍ന്നു പോയ ശേഷം,
ഇന്നാണ് നിന്‍റെ സ്ക്രാപ്പ് കാണുന്നത്...
അന്ന് മഴ പെയ്ത ഒരു ജൂണ്‍ മാസ ഉച്ച..
അന്നത്തെ മഴക്കാഴ്ചകള്‍..നനഞ്ഞൊട്ടിയ ചിറകുകള്‍ക്കുള്ളില്‍ പതുങ്ങിയിരുന്ന
പുള്ളുകള്‍,
വിറയലാര്‍ന്നു കൂമ്പിപ്പോയ വേപ്പുമരം..
നനഞ്ഞ ഉമ്മറ കോല...
നമ്മള്‍,
അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് പനിച്ചു പഠിച്ചു
എന്നിട്ട് ഉച്ച നേരം വിവിധ്ഭാരതി യില്‍
റാഫി കേട്ട് ഉറങ്ങാതെ കിടന്നു..
സ്ടീമാന്‍ നെല്‍സോണും സമുദ്ര പര്യവേക്ഷണങ്ങളും
വര്‍ഷങ്ങള്‍ തെറ്റാതെ ഓര്‍ത്തോര്‍ത്തു കിടന്നു..
മഴയെ നോക്കി നീ പാടി,
നിന്‍റെ വെളുത്ത പാവാടയില്‍ മഴ വൃത്തങ്ങള്‍ തീര്‍ത്തു...
താഴെ നിന്‍റെ അരുമ പൂച്ചകുഞ്ഞ് കുറുങ്ങി കൊണ്ടിരുന്നു..
മെലിഞ്ഞ വിരലുകള്‍ കൊണ്ട് നീ അതിനെ  തലോടി..
പിന്നെ എനിക്ക് സെമെസ്റ്റെര്‍ അവധിയ്ക്ക്  കത്തയച്ചു...
ഇന്‍ലന്‍ഡ്‌ന്‍റെ ഇളംനീലയില്‍,
അത്,
നിന്‍റെ ചായക്കൂട്ടിലെ നിറങ്ങള്‍ പോലെ മായികമായിരുന്നു...
****************************
പരീക്ഷകള്‍ വന്നും പോയുമിരുന്നു...
വര്‍ഷങ്ങള്‍ കരിയിലകള്‍ പോലെ കനപ്പെട്ടു കിടന്നു...
ഒരു കാറ്റ് കാലം തെറ്റി വരും വരെ..
പിന്നെ വന്മഴകള്‍ നമുക്കിടയില്‍ സമുദ്രങ്ങള്‍ തീര്‍ത്തു...
അവനവന്‍ തുരുത്തുകളില്‍ നമ്മള്‍ ഒറ്റപ്പെട്ടു..
ആ മഴയും പുള്ളുകളും,
വേപ്പുമരവും എന്നെങ്കിലും ആവര്‍ത്തിച്ചുവോ?
വിവിധ് ഭാരതിയിലെ ആ ഗാനം,
നിറം പോയ ആ കത്ത്...
ഒന്നും പഴയത് പോലെയാവില്ല എങ്കിലും,
നിന്‍റെ പൂച്ചക്കുട്ടി ഇന്നും നിന്നെ വിസ്മയിപ്പിയ്ക്കുന്നു
എന്നെങ്കിലും ഞാന്‍ ആശ്വസിക്കട്ടെ..

Friday, June 11, 2010

കാലവര്‍ഷം..

തണുത്തും, വിറച്ചും
കരഞ്ഞും, പിറുപിറുത്തും
ആര്‍ത്തലച്ചും, കയര്‍ത്തും,
അലസമായ ഇടവേളകളില്‍ ഇലച്ചാര്‍ത്ത്കളില്‍ 
ഉറവു പൊട്ടുന്ന മൌനം മണ്ണിലുതിര്‍ന്നും
ഇരുണ്ട പച്ച സ്വപ്നങ്ങളായി ഉറങ്ങിയും,
നനവ്‌ പേറുന്ന തുമ്പിച്ചിറകുകളായി ഉഴറിയും,
വെള്ളപ്പാച്ചിലില്‍ മുങ്ങുന്ന കുഴികളിലെ,
കുഴിയാനകളുടെ നിശ്വാസങ്ങള്‍ കേട്ടും,
മുറ്റത്ത്‌ മുട്ടോളം പൊട്ടിമുളയ്ക്കുന്ന
നെറ്റിയാപൊട്ടന്മാരായി ആര്‍ത്തുല്ലസിച്ചും ,
മഴ വീഴാതെ കാറ്റ് പിടിയ്ക്കാതെ
മുട്ടകളെ കാത്തോളണേയെന്ന
കിളിവിലാപങ്ങളായും, 
ഓടിന്‍ പുറങ്ങളില്‍ , കോപ്പിരകളില്‍,
ചായ്ച്ചുകെട്ടികളില്‍, ചായ്പ്പില്‍,
കുളിപ്പുരകളില്‍, കൊട്ടത്തളങ്ങളില്‍,
കിണറ്റു കല്ലിടുക്കിലെ തവളയുടെ
ഉറക്കം തിടം വെച്ച കണ്‍പോളയില്‍ ‍,
ആഴച്ചെളിയിലെ ഏട്ടയുടെ
മഞ്ഞപുള്ളികള്‍ കൂട്ടിവെച്ച  മൌനത്തില്‍,
കൂപ്പു കുത്തിയും, കുതിച്ചു കയറിയും,
ജലരാശികള്‍ നിറച്ചും ഒഴിച്ചും
നാറാണത്തു  ഭ്രാന്തന്‍ പാളകളുടെ
നിയോഗങ്ങളില്‍ ചിതറി തെറിച്ചും,
.................
കാലവര്‍ഷ പെയ്ത്തുകള്‍...