പഴയ ഒരു ദിവസത്തിന്‍റെ ഓര്‍മയില്‍ കുതിര്‍ന്നു പോയ ശേഷം,
ഇന്നാണ് നിന്‍റെ സ്ക്രാപ്പ് കാണുന്നത്...
അന്ന് മഴ പെയ്ത ഒരു ജൂണ്‍ മാസ ഉച്ച..
അന്നത്തെ മഴക്കാഴ്ചകള്‍..നനഞ്ഞൊട്ടിയ ചിറകുകള്‍ക്കുള്ളില്‍ പതുങ്ങിയിരുന്ന
പുള്ളുകള്‍,
വിറയലാര്‍ന്നു കൂമ്പിപ്പോയ വേപ്പുമരം..
നനഞ്ഞ ഉമ്മറ കോല...
നമ്മള്‍,
അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് പനിച്ചു പഠിച്ചു
എന്നിട്ട് ഉച്ച നേരം വിവിധ്ഭാരതി യില്‍
റാഫി കേട്ട് ഉറങ്ങാതെ കിടന്നു..
സ്ടീമാന്‍ നെല്‍സോണും സമുദ്ര പര്യവേക്ഷണങ്ങളും
വര്‍ഷങ്ങള്‍ തെറ്റാതെ ഓര്‍ത്തോര്‍ത്തു കിടന്നു..
മഴയെ നോക്കി നീ പാടി,
നിന്‍റെ വെളുത്ത പാവാടയില്‍ മഴ വൃത്തങ്ങള്‍ തീര്‍ത്തു...
താഴെ നിന്‍റെ അരുമ പൂച്ചകുഞ്ഞ് കുറുങ്ങി കൊണ്ടിരുന്നു..
മെലിഞ്ഞ വിരലുകള്‍ കൊണ്ട് നീ അതിനെ തലോടി..
പിന്നെ എനിക്ക് സെമെസ്റ്റെര്‍ അവധിയ്ക്ക് കത്തയച്ചു...
ഇന്‍ലന്‍ഡ്‌ന്‍റെ ഇളംനീലയില്‍,
അത്,
നിന്‍റെ ചായക്കൂട്ടിലെ നിറങ്ങള്‍ പോലെ മായികമായിരുന്നു...
****************************
പരീക്ഷകള്‍ വന്നും പോയുമിരുന്നു...
വര്‍ഷങ്ങള്‍ കരിയിലകള്‍ പോലെ കനപ്പെട്ടു കിടന്നു...
ഒരു കാറ്റ് കാലം തെറ്റി വരും വരെ..
പിന്നെ വന്മഴകള്‍ നമുക്കിടയില്‍ സമുദ്രങ്ങള്‍ തീര്‍ത്തു...
അവനവന്‍ തുരുത്തുകളില്‍ നമ്മള്‍ ഒറ്റപ്പെട്ടു..
ആ മഴയും പുള്ളുകളും,
വേപ്പുമരവും എന്നെങ്കിലും ആവര്‍ത്തിച്ചുവോ?
വിവിധ് ഭാരതിയിലെ ആ ഗാനം,
നിറം പോയ ആ കത്ത്...
ഒന്നും പഴയത് പോലെയാവില്ല എങ്കിലും,
നിന്‍റെ പൂച്ചക്കുട്ടി ഇന്നും നിന്നെ വിസ്മയിപ്പിയ്ക്കുന്നു
എന്നെങ്കിലും ഞാന്‍ ആശ്വസിക്കട്ടെ..
No comments:
Post a Comment