പിന്നെയും മഴ പെയ്യുന്നു...മാനം നിറയെ..പറമ്പും ഇടവഴിയും നിറയെ..
മഴ പെയ്തു തോരുമ്പോള്‍ മരങ്ങള്‍ പെയ്തു തുടങ്ങും..
ഇടവേളകളില്‍ തീറ്റ തേടിയിറങ്ങുന്ന കാക്കക്കൂട്ടം..
പണ്ട് വീടുകളില്‍ മെടഞ്ഞ തെങ്ങോലകള്‍ പറ൦ വെയ്ക്കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു..നാല് കല്ലിന്മേല്‍ കുറുകെ വെച്ച പട്ടികയ്ക്ക് മീതെ തലങ്ങും വിലങ്ങും ഓലകള്‍ വെയ്ക്കും..ചിതലരിയ്ക്കാതെ സൂക്ഷിക്കാന്‍ താഴെ ഉറുമ്പ് പൊടിയും ഇടും..മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍ പറത്തിന്‍റെ മീതെ താര്‍പ്പായയോ മറ്റോ വിരിച്ചു മൂടി വെക്കണം.....ഇല്ലെങ്കില്‍ ഉണക്കിയെടുത്ത ഓലകളൊക്കെ മഴ നനഞ്ഞു ചീര്‍ക്കും..
മഴ പെയ്തിരുണ്ട സന്ധ്യകളില്‍ ഉമ്മറത്തെ നാമജപത്തോടൊപ്പം മുറ്റത്തെ കല്ലിടുക്കില്‍ തവളകളുടെ ഭേരി കേട്ടു തുടങ്ങും..മുറ്റത്തെ വെള്ളപ്പാച്ചിലില്‍ നെറ്റിയാപ്പൊട്ടന്മാരും കുളസൂരികളും തിമര്‍ത്തു നീന്തി നടക്കുന്നത് നോക്കി ചുമ്മാ കിടക്കാം..കാച്ചിലും ശര്‍ക്കരയിട്ട കട്ടന്‍ കാപ്പിയും കഴിക്കാന്‍ നടുത്തളത്തിലേയ്ക്ക് ഒരോട്ടമോടാം ...
രാത്രി....ഉറക്കം തൂങ്ങുന്ന എന്നെ മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കിടത്തി അമ്മ അടുക്കളയിലേക്കു പോകും..ഇടയ്ക്ക് ഉറക്കം ഞെട്ടിയുണര്‍ന്നാല്‍ ഇരുട്ട് കണ്ടു പേടിച്ചു കരയുന്ന ഞാന്‍..ജനലിലൂടെ പുറത്തേയ്ക്ക് നോക്കാന്‍ പേടി...അപ്പുറം സര്‍പ്പക്കാവാണ്..അവിടെ നാഗദേവതയുണ്ട് ...ആദിദേവനും..കൂറ്റന്‍ മരങ്ങളില്‍ നിന്നും തൂങ്ങിയാടുന്ന വള്ളികളില്‍ സര്‍പമുണ്ട്..കാരണവന്മാര്‍ 'നാരായണന്‍' 'കാര്‍ത്തികേയന്‍' 'അനന്തന്‍' എന്നൊക്കെ പേര് ചൊല്ലി വിളിച്ചാല്‍ വിളിപ്പുറത്തെതുന്ന നാഗ രൂപികള്‍ ..
മുറ്റത്തെ വലിയ കല്ലിനു താഴെ അഞ്ചു തലയുള്ള പാമ്പ് താമസിക്കുന്നുണ്ട് എന്ന് കുട്ടികളായ ഞങ്ങളെ പറഞ്ഞു പേടിപ്പിച്ചു വെച്ചിട്ടുണ്ട്..കാവില്‍ തീക്കണ്ണ്കള്‍ പോലെ തിളങ്ങുന്നത് കാണാം...കള്ളുണ്ണിയുടെ (മരപ്പട്ടി) കണ്ണുകള്‍ ആയിരുന്നു അത്...അന്നതു അറിയില്ല..മാടനും മറുതയും ഒക്കെയാവും എന്നാണു പറഞ്ഞു കേട്ടത്..പിന്നെ കുട്ടിച്ചാത്തന്‍ താമസിക്കുന്ന കാഞ്ഞിരം..പേടിക്കാന്‍ കാരണങ്ങള്‍ ധാരാളം!
ഉച്ചനേരത്താണെങ്കില്‍ ആരും പറമ്പില്‍ അലഞ്ഞു നടക്കില്ല..തേരോട്ടം നടത്തുന്ന ഒരു ദൈവം ഉണ്ടത്രേ...തേര് പോകുന്ന വഴിയില്‍ നമ്മള്‍ എത്തിപ്പെട്ടാല്‍ പിന്നെ മൂന്നാല് മാസം ആധിയും വ്യാധിയും..അതാണ് കണക്ക്! ചോറ് കഴിഞ്ഞു വിശ്രമിക്കുന്ന ആശാരിമാരും വേലക്കാരും ഉച്ചനേരം കഴിഞ്ഞേ ബാക്കി ജോലികള്‍ ചെയ്തു തുടങ്ങൂ...ഉച്ചയ്ക്ക് പറമ്പില്‍ അലയാന്‍ എനിക്കിഷ്ടമായിരുന്നു..പക്ഷെ സമ്മതമില്ല...ഒരു കഥയുണ്ട്..പുളി പെറുക്കാന്‍ പോയ എന്‍റെ ഇളയമ്മ അദൃശ്യമായതും എന്നാല്‍ വലിച്ചുപിടിക്കുന്ന പോലെ കാന്തികത ഉള്ളതുമായ എന്തോ ഒന്ന് തനിയ്ക്ക് ചുറ്റുമുള്ളതായി തോന്നി തല കറങ്ങി വീണു...ബോധം തെളിഞ്ഞപ്പോള്‍ പേടിച്ചു വശായ ഇളയമ്മ ഒരു മാസം ജ്വരം പിടിച്ചു കിടന്നു എന്നാണു കഥ..അമ്മമ്മയുടെ കണ്ണ് വെട്ടിച്ച് അലഞ്ഞു തിരിഞ്ഞ ഉച്ചകളില്‍ എന്തായാലും ഞാന്‍ തേരു വഴിയില്‍ കുടുങ്ങിയില്ല ...
മണല്‍ വന്നു പനിച്ചു കിടന്ന മറ്റൊരു മഴക്കാലം...ദേഹത്ത് മണല്‍ വാരി വിതറിയ പോലുള്ള പൊങ്ങലുകള്‍ മാറ്റാന്‍ അമ്മമ്മ ഇളനീര് ശര്‍ക്കരയും ചുമന്നുള്ളി അരിഞ്ഞിട്ടതും ചേര്‍ത്ത് തിന്നാന്‍ തരും..അച്ഛന്‍ ഓഫീസില്‍ പോകുന്നതിനു മുന്നേ മുന്തിരിയും കൈതച്ചക്കയും നീരെടുത്ത് നീളന്‍ കുപ്പികളില്‍ നിറച്ചു വെയ്ക്കും..പനി മൂത്ത കാരണം വാ നിറയെ അരുചിയാണ്..എങ്കിലും അടുക്കളയില്‍ ദേവിയെടുത്തി ഉണ്ടാക്കുന്ന ഞെരിപത്തിരിയും ഉരുളക്കിഴങ്ങ് പാലൊഴിച്ച കറിയും ഓടിപ്പോയ രുചികളെ ആവാഹിച്ചു വരുത്തും..വാശി പിടിച്ചു കരഞ്ഞാലും ആരുടേയും മനസ്സലിയില്ല...പനി മാറും വരെ എണ്ണ തൊടീക്കില്ല..അതാണ് നിയമം! പക്ഷെ ഒരാളുണ്ട്..അയാളോട് പത്തിരി തരുവോ തരുവോ എന്ന് ചോദിച്ചു പിറകെ
നടക്കണം...ചേച്ചിയാണ് അയാള്‍..റേഷന്‍ തരുന്ന പോലെ ഒരു കഷ്ണം തന്നു..ഒരു അമരപ്പയറിന്‍റെ അത്രേം ചെറിയ ഒരു കഷ്ണം...
പടിപ്പുരയില്‍ ഇനിഞ്ഞു കത്തുന്ന പാനീസ് വിളക്ക് ..ഉമ്മറത്തെ ഇരുത്തിയില്‍ ഇരുട്ടിലേക്ക് കണ്ണ് നട്ടിരിക്കുന്ന മുത്തശ്ശി ..സഞ്ചാരിയായി നാട് വിട്ടുപോയ
മകന് വേണ്ടിയുള്ള കാത്തിരിപ്പാണ് അത്...പിന്നെ പിച്ചക മണം മൂത്തു കനത്ത് മുത്തശ്ശിയുടെ നിശ്വാസവും കലര്‍ന്ന് ഉന്മാദം പൂണ്ട കാലവര്‍ഷം പടിവാതിലില്‍ ഇരമ്പിയാര്‍ക്കും..പാനീസു വിളക്കിന്‍റെ തിരി കെടുത്തി മുത്തശ്ശി പടിഞ്ഞാറ്റയിലേയ്ക്കു വേച്ചു വേച്ചു പോകുന്നത്..ഒരിയ്ക്കലും മറക്കാനാകാത്തൊരു മഴച്ചിത്രം... ഇന്നും കാലവര്‍ഷം പെയ്യുമ്പോള്‍ ആ നേര്‍ത്ത കാലടിയൊച്ചകള്‍ കേള്‍ക്കുന്നത് പോലെ തോന്നാറുണ്ട്..
മഴച്ചാറ്റല്‍ കയ്യിലെടുത്തു കളിക്കുന്ന എന്നെ നോക്കി "ചിമ്മാനി കൊള്ളണ്ട ഓമേ..." എന്ന് പറയുന്ന അമ്മമ്മയുടെ മുഖം...മറ്റൊരു മഴച്ചിത്രം..'ചിമ്മാനി' എന്നാല്‍, ചെരിഞ്ഞു പെയ്യുമ്പോള്‍ ഉമ്മറക്കോലയിലേയ്ക്കു തെറിച്ചു വീഴുന്ന മഴച്ചാറ്റല്‍.. ...'ഓമ' എന്നാല്‍ ഓമന എന്നതിന്‍റെ ചുരുക്കപ്പേര്.. അമ്മമ്മയുടെ വാക്കുകള്‍ അങ്ങനെയൊക്കെയാണ്...അമ്മമ്മ പോയ ശേഷം അതൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല..
എത്രെയേറെ ഓര്‍മകളാണ്..ഏറെ ഭാരിച്ചത്...എന്നാല്‍ വഴിയില്‍ ഉപേക്ഷിച്ചു പോരാന്‍ തോന്നുകയുമില്ല...ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ഓര്‍മകളാണ് ഏറ്റവും കൂടുതല്‍ ശേഷിപ്പ് എന്ന് തോന്നും... ഒരു വര്‍ഷം മുഴുക്കെ പല രീതിയില്‍ പല വേഷത്തില്‍ ജീവിച്ചു തീര്‍ക്കും..ശേഷം ഓര്‍മകള്‍ക്ക് പെയ്തു തീരാന്‍ വേണ്ടി മാത്രം ഒരു കാലം വന്നെത്തും.. മഴക്കാലം..
എല്ലാ മഴക്കാലത്തും വിരുന്നു വരാറുള്ള ആ കിളിയുടെ കരച്ചില്‍ ഇന്നും കേള്‍ക്കാനുണ്ട്...'കുട്ടി ചത്തു പോയ്' എന്ന് പറയുന്ന ആ കിളി...
കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പറമ്പിലെ ബഹുശാഖിയായ കാഞ്ഞിരത്തിലും തെക്കേ പറമ്പിലെ ഇളംപച്ച കുഞ്ഞിലകള്‍
ചറപിറെയനങ്ങുന്ന ചന്ദനമരത്തിലും, മധുരക്കുടുക്കകള്‍ നിറഞ്ഞ പഞ്ചാര മാവിലും ഒളിച്ചിരുന്ന് സ്വയം മറന്നു പാടിയിരുന്ന ആ കിളി.. മഴക്കാലത്ത് വന്നെത്തുന്ന ആ വിരുന്നുകാരന്‍റെ പേരെന്താണ്?
ഇവിടെ ആളുകള്‍ തിങ്ങി തിങ്ങി പാര്‍ക്കുന്ന ഈ നഗരത്തില്‍ , ഒളിച്ചിരിയ്ക്കാന്‍ കനപ്പുകളുള്ള ഒരു
തരു പോലുമില്ലാത്ത ഈ നരച്ച
ഭൂമിയില്‍ , എവിടെയിരുന്നാണ് ആ കിളി പാടുന്നത്!