Friday, May 21, 2010

dreams...

കാറ്റില്‍ ഒഴുകി നീങ്ങുന്ന ചെമന്ന സാരി...
തുമ്പ് പിടിച്ചു പാതി ചുറ്റി,
കുഞ്ഞ്..
ഒരു അനിയന്‍ വേണമെന്ന് ഞാന്‍ മോഹിച്ച,
എല്ലാ പകലുകള്‍ക്കും ശേഷം,
രാത്രികളില്‍  സ്വപ്നത്തിന്‍റെ വെളിയടകളില്‍,
ഒഴുകി നീങ്ങുന്ന ചെമന്ന സാരി തുമ്പില്‍ പിടിച്ചു
അവന്‍ വന്നിരുന്നു...
അവനു രണ്ടോ മൂന്നോ വയസ്സേയുള്ളൂ..
കീരിപല്ലുകളില്‍ വീണ വെട്ടം മുത്തുകളായി തിളങ്ങി...
ഓടിച്ചെന്നു അവനെ എടുക്കാന്‍ ഞാന്‍ മറന്നു,
അത്ര വശ്യമായി അവന്‍ മന്ദഹസിച്ചു..
സ്വപ്നമാണെന്ന് തോന്നിത്തുടങ്ങിയ ഓരോ നിമിഷത്തിലും,
ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു,
എന്‍റെ കണ്ണുകള്‍ക്കുള്ളില്‍ അവനെ തടവിലിടാമെന്നും
അവന്‍ എന്നും കൂടെയുണ്ടാവുമെന്നും ഞാന്‍ കരുതി...
പക്ഷെ അവന്‍ പോയും വന്നും...
പിന്നെ ഒരിക്കലും വരാതെയുമിരുന്നു..
അങ്ങനെ  ഞാന്‍
വര്‍ഷങ്ങള്‍ പഴക്കമുള്ള ദൃശ്യങ്ങളെ
സ്വപ്നം എന്ന് വിളിക്കാന്‍ പഠിച്ചു..

Tuesday, May 4, 2010

വീട്ടിലേയ്ക്കുള്ള വഴി

വീട്ടിലേയ്ക്കുള്ള വഴി നീളെ,
കശുവണ്ടി ചുട്ടതിന്‍റെ മണമായിരുന്നു...
മാങ്ങാക്കറയുടെ നീറ്റലും,
ചരല്‍ മുറ്റത്ത്‌ കമുകിന്‍ പാള നിരങ്ങുന്ന ശബ്ദവും,
കണ്ണിമാവിലെ കുയിലിന്‍റെ നിലയ്ക്കാത്ത വിളികളും..

ഇടയ്ക്കെപ്പോഴോ,
ഇരുമ്പ്തൊട്ടി കിണറില്‍ തല തല്ലി വീഴുന്നതും..
ഉണക്കാനിട്ട നെല്ലില്‍ കാക്കക്കാല്‍ പതിയുന്ന
നേര്‍ത്ത ശബ്ദവും..
അമ്മമ്മയുടെ വെളിച്ചമുള്ള ചിരിയും..

Tuesday, April 13, 2010

കുറേ 'അടുത്ത'കള്‍ ...

എല്ലാ ഓണത്തിനും പറഞ്ഞു,
അടുത്ത ഓണമാകുമ്പോഴേക്കും..
എല്ലാ ഓണങ്ങളും കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു...
ഓരോ വിഷുവിനും പറഞ്ഞു,
അടുത്ത വിഷു ആകുമ്പോഴേക്കും...
അങ്ങനെ ഇതാ വിഷുവും വന്നു!
ഈ വിഷുവിനും ഞാന്‍ പറയും,
അടുത്ത...
അടുത്ത...

Thursday, November 19, 2009

വ്യഥ

"ഞാന്‍ പോവുകയാണ്"
ആരവങ്ങളുടെ സ്റ്റേഷന്‍ വിട്ടു കുതിക്കും മുന്‍പേ
തീവണ്ടി വിളിച്ചു പറഞ്ഞു..

"എനിക്കെത്രയോ വേദനയുണ്ട്,
നിനക്കതറിയാനാവുമോ?"
തിരക്കിലമര്‍ന്നുപോയ പ്ലാറ്റ്ഫോമിനെ നോക്കി,
തീവണ്ടി പിറുപിറുത്തു.

"എത്രയോ വണ്ടികള്‍,
വേദന തുപ്പിയ കല്‍ക്കരിക്കനലുകള്‍,
യാത്രയയപ്പുകള്‍, ഒത്തു ചേരലുകള്‍.."
പ്ലാറ്റ് ഫോം
കണ്ണുകള്‍ ഇറുക്കിയടച്ചു.



Wednesday, November 18, 2009

കരിവളക്കാലം..

കണ്മഷി,
കരിവള,
ചാന്തു പൊട്ട്...

തമിഴത്തി യശോദ ഭാണ്ഡവും പെട്ടിയുമായി,
'വളാ.....വളാ ...'എന്ന് വിളിച്ചു നടന്ന
എന്‍റെ ഗ്രാമവഴികള്‍ 
മറവിയില്‍ പൂണ്ടു കിടപ്പായി..

പെണ്‍കിടാങ്ങള്‍  കൊതിയോടെ കാത്തിരുന്ന വിളികള്‍..
സ്കൈലാബ് വള, പളുങ്ക് വള,
സ്പ്രിങ്ങ് വള ,
കൊമ്പ് വള, മിന്നു വള...

കുമ്മായമടര്‍ന്ന ചുവരിലെ പൊത്തില്‍     
സൂക്ഷിച്ചുവെച്ച പച്ചക്കുപ്പിവളകള്‍

അലക്ക്കല്ലില്‍ ചിതറിപ്പോകുന്ന
ചുമന്ന കുപ്പിവളകള്‍.

പുഴവക്കത്തെ കുതൂഹലങ്ങള്‍ക്ക്‌ മീതെ
വര്‍ണം പൊഴിക്കുന്ന തത്തപ്പച്ചകള്‍..
സോപ്പ് പതയില്‍ നുരയുന്ന വര്‍ണരാജികള്‍....
പിന്നെയും പിന്നെയും വാങ്ങി,

ഇരു കൈകളും നിറയുന്ന വര്‍ണമേളങ്ങള്‍ 



ഇടവഴിയില്‍ കാത്തുനില്‍ക്കുന്നവന്‍റെ  കയ്യില്‍
പ്രണയം, ഒരു പൊതി വള.
കരിവളക്കാലം...
അകന്നകന്നു പോയ ഒരു  
കരിവളക്കാലം..

Tuesday, November 17, 2009

വിവാഹ വാര്‍ഷികം

ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികം..
നാലാമത്തേത്! അറിയാമോ! നീ വെറുതെ ചോദിച്ചു.
ബ്രൌണ്‍നിറമുള്ള  ക്രിസ്ററ്ല്‍ പാത്രം.
വെളുപ്പും മഞ്ഞയും പൂക്കള്‍.
എരിഞ്ഞു കത്തുന്ന ചുമപ്പു മെഴുതിരികള്‍..
കടും റോസ് നിറമുള്ള പനിനീരുകള്‍ വിരിഞ്ഞ ആശംസ പത്രം..
തുറന്നിട്ട ജാലകത്തിലൂടെ നീലിച്ച രാത്രി കണ്ണു ചിമ്മി...
നീ എന്നോട് , അല്ലെങ്കില്‍ ഞാന്‍ എന്നോട്,
ചോദിച്ചു,
'എന്ത് തോന്നുന്നു?"
ചാര നിറമുള്ള മേഘക്കെട്ടുകള്‍
ചെമ്മരിയാട്ടിന്‍പറ്റങ്ങളെ പോലെ,
ഇരുട്ട് തൂര്‍ന്ന രാക്കുന്നുകളില്‍ അയവെട്ടി നടന്നു..
ഞാന്‍ പറഞ്ഞില്ല, നീയും പറഞ്ഞില്ല ഒന്നും.
എന്നാല്‍ രാത്രി,

തന്‍റെ നക്ഷത്രക്കണ്ണുകള്‍ വിടര്‍ത്തിപ്പറഞ്ഞു "Happy anniversary!"  

Monday, November 16, 2009

തണല്‍ മരം

To rest upon, a frustrated head, your shoulders!
i marvel, isn't man a shading tree!

ആശുപത്രി വരാന്ത 
വീര്‍ത്തും പൊട്ടിയും വിഷാദങ്ങള്‍ ..
ആകുലമായ മനസ്സില്‍ പ്രതീക്ഷകള്‍ ജനിക്കില്ലെന്നു,
മുന്നറിയിപ്പ് തന്നു..

ചിരിയ്ക്കാനും, ഉല്ലസിക്കാനും 
കുറെ കാരണങ്ങള്‍ തപ്പിയെടുത്ത് തന്നു..

പഠിക്കാന്‍ വൈകിപ്പോയ, 
ഉന്മേഷമുണര്‍ത്തുന്ന,
നൂറു കാര്യങ്ങളുടെ നിധി കാത്തു
ഒരു കുട്ടിഭൂതം പോലെ താനിരുന്നത്,
അവയൊക്കെ 
എനിക്ക്  തരാന്‍ വേണ്ടിയാണെന്ന്
തമാശ പറഞ്ഞു..

'നോക്ക്' , doctor's visiting time 9 am to 2 pm
അറിയിപ്പു പലക വെച്ചത് ബാത്ത്റൂമിന് മുന്നിലും!
ഞങ്ങള്‍  അറഞ്ഞു ചിരിച്ചു!
വെളുപ്പില്‍ കറുപ്പ് കളങ്ങള്‍ നിറഞ്ഞ
പരിശോധന ഫലം ഞാന്‍ മറന്നു.