Thursday, November 19, 2009

വ്യഥ

"ഞാന്‍ പോവുകയാണ്"
ആരവങ്ങളുടെ സ്റ്റേഷന്‍ വിട്ടു കുതിക്കും മുന്‍പേ
തീവണ്ടി വിളിച്ചു പറഞ്ഞു..

"എനിക്കെത്രയോ വേദനയുണ്ട്,
നിനക്കതറിയാനാവുമോ?"
തിരക്കിലമര്‍ന്നുപോയ പ്ലാറ്റ്ഫോമിനെ നോക്കി,
തീവണ്ടി പിറുപിറുത്തു.

"എത്രയോ വണ്ടികള്‍,
വേദന തുപ്പിയ കല്‍ക്കരിക്കനലുകള്‍,
യാത്രയയപ്പുകള്‍, ഒത്തു ചേരലുകള്‍.."
പ്ലാറ്റ് ഫോം
കണ്ണുകള്‍ ഇറുക്കിയടച്ചു.



Wednesday, November 18, 2009

കരിവളക്കാലം..

കണ്മഷി,
കരിവള,
ചാന്തു പൊട്ട്...

തമിഴത്തി യശോദ ഭാണ്ഡവും പെട്ടിയുമായി,
'വളാ.....വളാ ...'എന്ന് വിളിച്ചു നടന്ന
എന്‍റെ ഗ്രാമവഴികള്‍ 
മറവിയില്‍ പൂണ്ടു കിടപ്പായി..

പെണ്‍കിടാങ്ങള്‍  കൊതിയോടെ കാത്തിരുന്ന വിളികള്‍..
സ്കൈലാബ് വള, പളുങ്ക് വള,
സ്പ്രിങ്ങ് വള ,
കൊമ്പ് വള, മിന്നു വള...

കുമ്മായമടര്‍ന്ന ചുവരിലെ പൊത്തില്‍     
സൂക്ഷിച്ചുവെച്ച പച്ചക്കുപ്പിവളകള്‍

അലക്ക്കല്ലില്‍ ചിതറിപ്പോകുന്ന
ചുമന്ന കുപ്പിവളകള്‍.

പുഴവക്കത്തെ കുതൂഹലങ്ങള്‍ക്ക്‌ മീതെ
വര്‍ണം പൊഴിക്കുന്ന തത്തപ്പച്ചകള്‍..
സോപ്പ് പതയില്‍ നുരയുന്ന വര്‍ണരാജികള്‍....
പിന്നെയും പിന്നെയും വാങ്ങി,

ഇരു കൈകളും നിറയുന്ന വര്‍ണമേളങ്ങള്‍ 



ഇടവഴിയില്‍ കാത്തുനില്‍ക്കുന്നവന്‍റെ  കയ്യില്‍
പ്രണയം, ഒരു പൊതി വള.
കരിവളക്കാലം...
അകന്നകന്നു പോയ ഒരു  
കരിവളക്കാലം..

Tuesday, November 17, 2009

വിവാഹ വാര്‍ഷികം

ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികം..
നാലാമത്തേത്! അറിയാമോ! നീ വെറുതെ ചോദിച്ചു.
ബ്രൌണ്‍നിറമുള്ള  ക്രിസ്ററ്ല്‍ പാത്രം.
വെളുപ്പും മഞ്ഞയും പൂക്കള്‍.
എരിഞ്ഞു കത്തുന്ന ചുമപ്പു മെഴുതിരികള്‍..
കടും റോസ് നിറമുള്ള പനിനീരുകള്‍ വിരിഞ്ഞ ആശംസ പത്രം..
തുറന്നിട്ട ജാലകത്തിലൂടെ നീലിച്ച രാത്രി കണ്ണു ചിമ്മി...
നീ എന്നോട് , അല്ലെങ്കില്‍ ഞാന്‍ എന്നോട്,
ചോദിച്ചു,
'എന്ത് തോന്നുന്നു?"
ചാര നിറമുള്ള മേഘക്കെട്ടുകള്‍
ചെമ്മരിയാട്ടിന്‍പറ്റങ്ങളെ പോലെ,
ഇരുട്ട് തൂര്‍ന്ന രാക്കുന്നുകളില്‍ അയവെട്ടി നടന്നു..
ഞാന്‍ പറഞ്ഞില്ല, നീയും പറഞ്ഞില്ല ഒന്നും.
എന്നാല്‍ രാത്രി,

തന്‍റെ നക്ഷത്രക്കണ്ണുകള്‍ വിടര്‍ത്തിപ്പറഞ്ഞു "Happy anniversary!"  

Monday, November 16, 2009

തണല്‍ മരം

To rest upon, a frustrated head, your shoulders!
i marvel, isn't man a shading tree!

ആശുപത്രി വരാന്ത 
വീര്‍ത്തും പൊട്ടിയും വിഷാദങ്ങള്‍ ..
ആകുലമായ മനസ്സില്‍ പ്രതീക്ഷകള്‍ ജനിക്കില്ലെന്നു,
മുന്നറിയിപ്പ് തന്നു..

ചിരിയ്ക്കാനും, ഉല്ലസിക്കാനും 
കുറെ കാരണങ്ങള്‍ തപ്പിയെടുത്ത് തന്നു..

പഠിക്കാന്‍ വൈകിപ്പോയ, 
ഉന്മേഷമുണര്‍ത്തുന്ന,
നൂറു കാര്യങ്ങളുടെ നിധി കാത്തു
ഒരു കുട്ടിഭൂതം പോലെ താനിരുന്നത്,
അവയൊക്കെ 
എനിക്ക്  തരാന്‍ വേണ്ടിയാണെന്ന്
തമാശ പറഞ്ഞു..

'നോക്ക്' , doctor's visiting time 9 am to 2 pm
അറിയിപ്പു പലക വെച്ചത് ബാത്ത്റൂമിന് മുന്നിലും!
ഞങ്ങള്‍  അറഞ്ഞു ചിരിച്ചു!
വെളുപ്പില്‍ കറുപ്പ് കളങ്ങള്‍ നിറഞ്ഞ
പരിശോധന ഫലം ഞാന്‍ മറന്നു.





Friday, November 13, 2009

Matryoshka












River of milk, and shores of pudding,
hide me and little bro from the swans.           
"eat my pudding and drink my milk"
then shall you be safe and cool, i bet!
wild apple tree oh wild apple tree,
hide me and little bro from the swans.
'eat my wild apples eat some of them,
then shall you be safe and cool, i bet!
big mamma stove, oh big mamma stove,
hide me and little bro from the swans.
eat my cake warm, of rye,
then shall you be safe and cool, i bet!
she gulped the milk and ate the pudding,
she ate the apples and swallowed rye cake,
river kept her hidden from the swans.
apple tree covered her with his branches,
stove took her inside, and hid from the swans!
so they were saved,our Matryoshka, 
and her little bro cute, so off they went home 
safe and sweet!

Thursday, November 12, 2009

ഹൈക്കു




നഗരം
ഒരു ചതുരം ആകാശം
മിന്നലേറ്റ തെങ്ങ്
നരച്ച ടെറസ്സിലെ ഉണങ്ങാനിട്ട തുണികള്‍

അലസത
ഇളവെയിലില്‍ മയങ്ങുന്ന പൂച്ച  
ഇറയത്തെ വെയില്‍പ്പുള്ളികള്‍  
അയവെട്ടുന്ന നാണിപ്പയ്യ്‌


നൊസ്റ്റാള്‍ജിയ
 അമ്മമ്മയുടെ മണം 
 പടിയിലെ എണ്ണക്കറ  
 സന്ധ്യയ്ക്ക്മൂളുന്ന ചെമ്പോത്ത്

Tuesday, November 10, 2009

സ്ട്രോ :)


നാരങ്ങാ വെള്ളവും, ഐശും വെള്ളവും
ചൂട്  ചായയും വരെ വലിച്ചു കുടിച്ച

എന്‍റെ ആദ്യത്തെ സ്ട്രോ..പപ്പായത്തണ്ട്..

അന്നൊക്കെ,
സിനിമയിലും വലിയ തെരുവിലെ കടകളിലും ,
മാത്രമേ സ്ട്രോ കണ്ടിരുന്നുള്ളൂ..
അപ്പോള്‍ തുടങ്ങിയ മോഹമാണ്
ഒരെണ്ണം സ്വന്തമായി വേണമെന്ന്.
അതൊരു ചെത്തിയ പപ്പായത്തണ്ടില്‍ അവസാനിച്ചു..

വലിയ ഗുളു ഗുളു ശബ്ദത്തില്‍,
ചെറുതല്ലാത്ത കറച്ച ചുവയോടെ
ചായയും കാപ്പിയും നാരങ്ങ വെള്ളവുമെല്ലാം      തകര്‍ത്തുല്ലസിച്ചു
അകത്തേയ്ക്കു കേറി പോയി.

പിന്നെ ഇത്രേം കാലങ്ങള്‍ക്കു ശേഷം ഇന്നാണ്
കഫെ കോഫിഡേയിലെ തണുപ്പില്‍
ബോബ്ഡിലന്‍റെ "കാറ്റില്‍ മുഴങ്ങുന്ന" ഗാനം കേട്ട്
ഐറിഷ്‌ കോഫീയുടെ സുഖമുള്ള ചവര്‍പ്പില്‍ മുങ്ങിമരിക്കാന്‍ തുടങ്ങിയപ്പോ,
മറവി ഇഷ്ടമല്ലാത്ത ഏതോ ഒരു  കുറുമ്പന്‍ മെമ്മറി യൂണിറ്റ്‌
പഴയ പപ്പായത്തണ്ടിനെ
കാറ്റിരമ്പും  വേഗത്തില്‍
എയ്തു വിട്ടത്..

Monday, November 9, 2009

ഉരുള്‍....ഉരുള്‍...

                                                                                 





ഓര്‍മ്മയുണ്ടോ ഉരുളിനെ?
നനഞ്ഞ പാടത്തും, ചരല്‍ പാതയിലും,
ഇടവഴിയുടെ പച്ചിച്ച  ഇരുളിമയിലും,
അഭിമാനത്തോടെ ഉരുട്ടിക്കൊണ്ട് നടന്ന ഉരുള്‍..

ആറ്റു നോറ്റിരുന്നു കിട്ടുന്ന ഒന്ന്...
ചിലത് ഒറ്റ ചക്രം,
ചിലവ ഇരട്ട ചക്രം..
ഇരട്ട ചക്രം ഉരുള്‍ ഉള്ളവരുടെ ഗമ.. 


നീണ്ട പേരക്കൊമ്പിലോ , ശീമക്കൊന്നത്തണ്ടിലോ  ഉറപ്പിച്ചു,
കല്ലിലും മണ്ണിലുമുരുട്ടിയും
പൊടി തെറിപ്പിച്ചും
ഒപ്പം തിമര്‍ത്തു നടന്ന
സഹയാത്രികന്‍..

ഇത് പോലൊരെണ്ണം വേണമെന്ന് എത്ര കൊതിച്ചിരുന്നു,
എത്ര വാശി പിടിച്ചു കരഞ്ഞു,
എങ്കിലാണ് ഒന്ന് തരപ്പെടുക..
ഒത്തു കിട്ടിയാല്‍ പിന്നെ രാജാവ്..
ഇല്ലെങ്കില്‍ വെറും കാണി..
നിന്‍റെ ഉരുള്‍ കൊറച്ചുനേരം ഞാന്‍ കളിച്ചോട്ടെയെന്നു
പിറകെ നടക്കണം..

അങ്ങനെയും ഒരു കാലം...
ഇപ്പൊ ഒരു ഉരുള്‍ കണ്ടിട്ടെത്ര നാളായി...

എന്‍റെ ഉരുള്‍ എവിടെ കളഞ്ഞു പോയെന്നറിയില്ല

പൊട്ടക്കുളത്തിന്‍റെ  പടവിലോ

മൂങ്ങ മൂളുന്ന പൊന്തക്കാട്ടിലോ   
ഉടക്കിക്കിടക്കുന്നുണ്ടാവുമോ....

കളഞ്ഞുപോയെന്ന് മാത്രമറിയാം... 
തിരിച്ചു കിട്ടില്ലെന്നും...

 

ഷെള്‍തുഹിന്‍
















ഷെള്‍തുഹിന്‍ ,നീണ്ട ഉച്ച നേരങ്ങളില്‍
ഞാന്‍ നിന്‍റെ പാട്ട് കേട്ട് വിസ്മയിച്ചിട്ടുണ്ട്...

എവിടെയോ ദൂരെ,
സ്ലാവിക് ചുവയുള്ള നിന്‍റെ ഭാഷയില്‍,
എനിക്കറിയാത്ത ഏതൊക്കെയോ ഈണങ്ങളില്‍
ഏറെ നേരം പാടിക്കൊണ്ടിരുന്നു.



ത്രിപര്‍ണ്ണിപ്പുല്ലിലെ തേനിനെക്കുറിച്ചും,
വസന്തത്തില്‍ വരാന്‍ പോകുന്ന ഇളം  ചൂടിനെക്കുറിച്ചും.

അന്നൊക്കെ എന്‍റെ  സ്വപ്നങ്ങള്‍ക്ക്
നിന്‍റെ നാട്ടിലെ  മഞ്ഞിന്‍റെ നീലിച്ച വെളുപ്പും 
മഞ്ഞിലൊളിച്ച  സൂര്യന്‍റെ വിളര്‍പ്പുമായിരുന്നു



ജനലരുകിലുള്ള നിന്‍റെ കൂട്,
നികിത നിനക്ക് കൊണ്ടുവരുന്ന പുഴുക്കള്‍,

വാസിലിഎവിച്ച് എന്ന പൂച്ച
അഹിള്‍ക്ക എന്ന വളര്‍ത്തു മുള്ളന്‍ പന്നി,
എന്‍റെ  ഉഷ്ണ മേഖലാ പ്രദേശം നിറയെ
മഞ്ഞു പെയ്യിച്ചു കൊണ്ടേയിരുന്നു..


തോട്ടത്തില്‍ ഇല പൊഴിഞ്ഞു തുടങ്ങിയപ്പോള്‍,

കാട്ടു മൈനകള്‍ക്കൊപ്പം നീ വടക്കോട്ട്‌ പറന്നു പോയി.
എങ്കിലും, 
നികിതയുടെ മോഹിപ്പിക്കുന്ന മഞ്ഞു നാടും,
തെന്നിയിറങ്ങുന്ന ഹിമ വണ്ടികളും,
ഒപ്പം മധുരമേറിയ നിന്‍റെ പാട്ടും,
എന്‍റെ ചൂട് കാലത്തെ എന്നും ഭ്രമിപ്പിക്കുന്നു..

Friday, November 6, 2009

കൂണും കുമിളിടിയും ...


ഇന്നലെ മഴ പെയ്തപ്പോള്‍ പണ്ടത്തെ കൂണ്‍മഴകളെയും കുമിലിടിയെയും ഓര്‍മ വന്നു.. കുമിലിടി വെട്ടിയാല്‍ അമ്മ പറയും " കുട്ട്യേളെ, തെങ്ങിന്‍റെ ചോട്ടില്‍ കുമിള് മുളച്ചോന്നു നോക്കി വാ"


അമ്മയുടെ അടുപ്പില്‍, വെന്തുമലരുന്ന മട്ടയരിചോറ്‌ കുമിള് കറി കൂട്ടി തിന്നുന്നതും സങ്കല്പിച്ചു ഞങ്ങള്‍ (എന്ന് വെച്ചാല്‍ ഞാനും അനിയനും) ചാറ്റല്‍ മഴ വകവെയ്ക്കാതെ തെങ്ങിന്‍ ചോട്ടിലെയ്ക്ക് പായും.. 


മുറ്റവരമ്പിലെ ചെമന്നുലഞ്ഞ പുതുമണ്ണ് പോലെയല്ല തെങ്ങിന്‍ ചോട്ടിലെ കറുത്തിരുണ്ട ഇരുമ്പന്‍ മണ്ണ്..കറുത്ത ഇരുമ്പനടരുകള്‍ക്കിടയിലൂടെ വെളുത്തു തുടുത്ത മൊട്ട കാട്ടി കൂണുകള്‍ ചിരിച്ചു..സൂക്ഷിക്കണം, കാരണം വെളുമ്പന്‍മാര്‍ മാത്രമല്ല, ചെമപ്പും മഞ്ഞയും പച്ചയും നിറത്തില്‍ വരകളും കുറികളുമുള്ള വിരുതന്‍മാര്‍ വരെ കൂട്ടത്തില്‍ കാണും. അവ വിഷകൂണുകള്‍ ആണെന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്.



അടുക്കള മുറ്റത്ത്‌ ഞങ്ങളുടെ വരയന്‍ പൂച്ച ഉറക്കം നഷ്ടപ്പെടുത്തിയ കാക്കയോടു കലഹിച്ചു കൊണ്ടിരുന്നു..


ഇറച്ചികറി വെക്കുന്ന പോലെയാണ് കൂണ്‍കറി വെക്കുക..
അമ്മയുടെ കൂണ്‍കറി മാത്രം കൂട്ടി ഒരു പറ ചോറ്‌ തിന്നാമെന്നു ഗോവിന്ദമ്മാവന്‍ പറഞ്ഞു.. 


പക്ഷെ എനിക്ക് ഏറെ ഇഷ്ടം, ഇരുണ്ട മണ്ണില്‍ പൊടിച്ചുയരുന്ന വെളുത്ത മൊട്ടകളെ നോക്കി നില്‍ക്കാനായിരുന്നു. ആയിടെ തപാലില്‍ വന്നുകൊണ്ടിരുന്ന റഷ്യന്‍ മാഗസിനുകളില്‍  കാണാമായിരുന്ന, കൂണ്‍ കുടയ്ക്ക് കീഴെ മഴ നനയാതെ നില്‍ക്കുന്ന സുന്ദരി ലേഡി ബഗിന്‍റെ   ചിത്രം...പിന്നെ പുള്ളിക്കൂണുകള്‍ക്ക്  മീതെ ചാടിമറിയുന്ന കുസൃതി തവളകളുടെ രസികന്‍ ചിത്രങ്ങള്‍...


കൂണുകള്‍ വിടര്‍ന്നു വെളുത്ത ലേസ് പിടിപ്പിച്ച കുടകളായി മാറുമ്പോള്‍ അവയെ കാണാന്‍ വെള്ളയപ്പം പോലിരിക്കും..അരികു ഇളം ബ്രൌണ്‍ പടര്‍ന്നു മധ്യഭാഗം വെളുത്ത വെള്ളയപ്പങ്ങള്‍.....