Friday, November 6, 2009
കൂണും കുമിളിടിയും ...
ഇന്നലെ മഴ പെയ്തപ്പോള്‍ പണ്ടത്തെ കൂണ്മഴകളെയും കുമിലിടിയെയും ഓര്മ വന്നു.. കുമിലിടി വെട്ടിയാല്‍ അമ്മ പറയും " കുട്ട്യേളെ, തെങ്ങിന്റെ ചോട്ടില് കുമിള്‍ മുളച്ചോന്നു നോക്കി വാ"
അമ്മയുടെ അടുപ്പില്‍, വെന്തുമലരുന്ന മട്ടയരിചോറ് കുമിള്‍ കറി കൂട്ടി തിന്നുന്നതും സങ്കല്പിച്ചു ഞങ്ങള്‍ (എന്ന് വെച്ചാല്‍ ഞാനും അനിയനും) ചാറ്റല്‍ മഴ വകവെയ്ക്കാതെ തെങ്ങിന് ചോട്ടിലെയ്ക്ക് പായും..
മുറ്റവരമ്പിലെ ചെമന്നുലഞ്ഞ പുതുമണ്ണ് പോലെയല്ല തെങ്ങിന് ചോട്ടിലെ കറുത്തിരുണ്ട ഇരുമ്പന്‍ മണ്ണ്..കറുത്ത ഇരുമ്പനടരുകള്ക്കിടയിലൂടെ വെളുത്തു തുടുത്ത മൊട്ട കാട്ടി കൂണുകള്‍ ചിരിച്ചു..സൂക്ഷിക്കണം, കാരണം വെളുമ്പന്മാര് മാത്രമല്ല, ചെമപ്പും മഞ്ഞയും പച്ചയും നിറത്തില്‍ വരകളും കുറികളുമുള്ള വിരുതന്മാര് വരെ കൂട്ടത്തില്‍ കാണും. അവ വിഷകൂണുകള്‍ ആണെന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്.
അടുക്കള മുറ്റത്ത് ഞങ്ങളുടെ വരയന്‍ പൂച്ച ഉറക്കം നഷ്ടപ്പെടുത്തിയ കാക്കയോടു കലഹിച്ചു കൊണ്ടിരുന്നു..
ഇറച്ചികറി വെക്കുന്ന പോലെയാണ് കൂണ്‍കറി വെക്കുക..
അമ്മയുടെ കൂണ്‍കറി മാത്രം കൂട്ടി ഒരു പറ ചോറ് തിന്നാമെന്നു ഗോവിന്ദമ്മാവന് പറഞ്ഞു..
പക്ഷെ എനിക്ക് ഏറെ ഇഷ്ടം, ഇരുണ്ട മണ്ണില്‍ പൊടിച്ചുയരുന്ന വെളുത്ത മൊട്ടകളെ നോക്കി നില്‍ക്കാനായിരുന്നു. ആയിടെ തപാലില്‍ വന്നുകൊണ്ടിരുന്ന റഷ്യന്‍ മാഗസിനുകളില്‍ കാണാമായിരുന്ന, കൂണ് കുടയ്ക്ക് കീഴെ മഴ നനയാതെ നില്ക്കുന്ന സുന്ദരി ലേഡി ബഗിന്റെ ചിത്രം...പിന്നെ പുള്ളിക്കൂണുകള്ക്ക് മീതെ ചാടിമറിയുന്ന കുസൃതി തവളകളുടെ രസികന്‍ ചിത്രങ്ങള്‍...
കൂണുകള്‍ വിടര്‍ന്നു വെളുത്ത ലേസ് പിടിപ്പിച്ച കുടകളായി മാറുമ്പോള്‍ അവയെ കാണാന്‍ വെള്ളയപ്പം പോലിരിക്കും..അരികു ഇളം ബ്രൌണ്‍ പടര്‍ന്നു മധ്യഭാഗം വെളുത്ത വെള്ളയപ്പങ്ങള്.....
Subscribe to:
Post Comments (Atom)
5 comments:
വായിച്ചു കൊണ്ടിരിക്കുന്നതിന്ടയില് അറിയാതെ ഒരു പുഞ്ചിരി കടന്നു വന്നു.. I feel a bit happy after reading this one! Nice one..
ഇന്നലെ വിടർന്ന ഒറിജിനൽ കൂണുകൾ കാണാൻ ഇവിടെ തുറക്കുക,
http://mini-chithrasalaphotos.blogspot.com/2010/06/blog-post_11.html
പിന്നെ വിഷക്കൂൺ കറിവെച്ച് പരീക്ഷണം നടത്തിയ ഒരു കഥ കൂടിയുണ്ട്.
കൂൺ വിശേഷം കണ്ടപ്പോൾ പലതും ഓർത്തുപോയി.
:)
Thank u Deep and Mini...
suvarnam, :))
njan orthathu, russian kadhayile valarnnu kondirikkunna koonine kurichanu, aalukal koodi vannittum ellareyum mazhayil ninnu nanayathe katha aa kumilinte kadhayum padavum,
Post a Comment