Friday, May 21, 2010

dreams...

കാറ്റില്‍ ഒഴുകി നീങ്ങുന്ന ചെമന്ന സാരി...
തുമ്പ് പിടിച്ചു പാതി ചുറ്റി,
കുഞ്ഞ്..
ഒരു അനിയന്‍ വേണമെന്ന് ഞാന്‍ മോഹിച്ച,
എല്ലാ പകലുകള്‍ക്കും ശേഷം,
രാത്രികളില്‍  സ്വപ്നത്തിന്‍റെ വെളിയടകളില്‍,
ഒഴുകി നീങ്ങുന്ന ചെമന്ന സാരി തുമ്പില്‍ പിടിച്ചു
അവന്‍ വന്നിരുന്നു...
അവനു രണ്ടോ മൂന്നോ വയസ്സേയുള്ളൂ..
കീരിപല്ലുകളില്‍ വീണ വെട്ടം മുത്തുകളായി തിളങ്ങി...
ഓടിച്ചെന്നു അവനെ എടുക്കാന്‍ ഞാന്‍ മറന്നു,
അത്ര വശ്യമായി അവന്‍ മന്ദഹസിച്ചു..
സ്വപ്നമാണെന്ന് തോന്നിത്തുടങ്ങിയ ഓരോ നിമിഷത്തിലും,
ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു,
എന്‍റെ കണ്ണുകള്‍ക്കുള്ളില്‍ അവനെ തടവിലിടാമെന്നും
അവന്‍ എന്നും കൂടെയുണ്ടാവുമെന്നും ഞാന്‍ കരുതി...
പക്ഷെ അവന്‍ പോയും വന്നും...
പിന്നെ ഒരിക്കലും വരാതെയുമിരുന്നു..
അങ്ങനെ  ഞാന്‍
വര്‍ഷങ്ങള്‍ പഴക്കമുള്ള ദൃശ്യങ്ങളെ
സ്വപ്നം എന്ന് വിളിക്കാന്‍ പഠിച്ചു..

Tuesday, May 4, 2010

വീട്ടിലേയ്ക്കുള്ള വഴി

വീട്ടിലേയ്ക്കുള്ള വഴി നീളെ,
കശുവണ്ടി ചുട്ടതിന്‍റെ മണമായിരുന്നു...
മാങ്ങാക്കറയുടെ നീറ്റലും,
ചരല്‍ മുറ്റത്ത്‌ കമുകിന്‍ പാള നിരങ്ങുന്ന ശബ്ദവും,
കണ്ണിമാവിലെ കുയിലിന്‍റെ നിലയ്ക്കാത്ത വിളികളും..

ഇടയ്ക്കെപ്പോഴോ,
ഇരുമ്പ്തൊട്ടി കിണറില്‍ തല തല്ലി വീഴുന്നതും..
ഉണക്കാനിട്ട നെല്ലില്‍ കാക്കക്കാല്‍ പതിയുന്ന
നേര്‍ത്ത ശബ്ദവും..
അമ്മമ്മയുടെ വെളിച്ചമുള്ള ചിരിയും..