Friday, August 31, 2012



ചില ചെറിയ കാര്യങ്ങള്‍ ചിലപ്പോള്‍ നമുക്കൊരു മെസ്സേജ് തരും.


ഒന്ന്  റിവേര്‍സ് എടുക്കാന്‍ ഒരു ബ്രേക്ക്..

ഉദാഹരണത്തിന് ഇളം തെന്നലില്‍ ഊഞ്ഞാലാടി വെള്ളത്തിലേക്ക്‌ എറിച്ചു 

നില്‍ക്കുന്ന ഒരു പാവം ശീപോതിക്കയ്യ്‌ ..


ഇടവഴിയിലെ വെള്ളത്തിലേയ്ക്ക് ചാഞ്ഞു, 
കുളസൂരികളെ നോക്കി ഇളം പച്ചിലകള്‍ ഇളക്കി,
നേര്‍ത്ത തണ്ടില്‍ താളമിടുന്ന കാറ്റിനോട് പോലും കലഹിക്കാതെ ,
ബഹളമയവും സങ്കീര്‍ണവുമായ ഈ ലോകത്തിന്‍റെ 
വിചിത്ര ഗതികളെ ക്കുറിച്ച് ഏതുമറിയാതെ
എത്ര നിഷ്കളങ്കമായ ഒരു ജീവന്‍....
എത്ര നിരുപദ്രവമായ  

ഒരു നിലനില്‍പ്പ്‌!!


Tuesday, August 21, 2012

അത്തം പത്തിന് പൊന്നോണം :)

അത്തം പിറന്നൂ..
പൂക്കൊട്ടയുമായി നാട്ടിട വഴികള്‍ നീളെ  മുള്ള് മുരട്‌ മൂര്‍ഖന്‍ പാമ്പ്, കല്ല് കരടു കാഞ്ഞിരക്കുറ്റി കേറി മറിഞ്ഞ കാലം എങ്ങോ പോയി മറഞ്ഞു..

തന്നിപുനത്തിലെ വിശാലമായ പറമ്പില്‍ തുടുപ്പുള്ള മഞ്ഞ നിറത്തില്‍ ഒരിനം പൂക്കള്‍ നിറഞ്ഞു നിന്നിരുന്നു....അതിനു ഇളം പച്ച നിറമുള്ള കായകളും.. അത് തുറന്നാല്‍ കുഞ്ഞരി വിത്തുകളും കാണാം  ..കൊള്ളിന്‍ വക്കത്തു നിരക്കനെ കൃഷ്ണ കിരീടങ്ങള്‍ പ്രഭ ചൊരിഞ്ഞു നില്‍ക്കും..കല്‍ വിടവുകളില്‍ തിളക്കമുള്ള പച്ച നിറത്തില്‍ ശീപോതിക്കൈകള്‍.... വരിയിട്ട് നിന്നു....സീതക്കൈ എന്നും ചിലര്‍ അതിനെ വിളിച്ചു പോന്നു..
തെക്കേ കണ്ടം നിറയെ  തുമ്പ...അവിടെ വീശുന്ന കാറ്റില്‍  തുമ്പ നിറയ്ക്കുന്ന ഉന്മേഷ ദായകമായ ഗന്ധം..തുമ്പയുടെ മണവും അമ്മയുടെ കനത്തു നീണ്ട മുടിയിലെ കയ്യുന്ന്യാദി എണ്ണയുടെ മണവും എനിക്ക് ഏറെ ഇഷ്ടം. 
അത്തത്തലേന്നു മുതിര്‍ന്നവര്‍ ആരെങ്കിലുമൊക്കെ പൂക്കൊട്ട മെടഞ്ഞു തരും..
കൂട്ടത്തിലെ ഉഷ ചേച്ചിയും രമണി ചേച്ചിയും അനിലേട്ടനും ഒക്കെയായിരുന്നു ഭാഗ്യം ചെയ്തവര്‍......ഏതു കാടും മേടും മറിഞ്ഞു പൂവ് ശേഖരിക്കാനുള്ള സ്വാതന്ത്ര്യം! 
തീരെ ചെറിയ ഞങ്ങള്‍ക്കാണെങ്കില്‍  "മനപ്പുറത്തെ  വയല്‍ വരമ്പ് വരെ പോയാ മതി", " ചെറെടെ അപ്പറം പോകണ്ടാ " " പുത്തന്‍ കുളത്തിന്‍റെ അടുത്തൊന്നും പോകല്ലേ"  എന്നിങ്ങനെയുള്ള വായ്താരികളുടെ  അകമ്പടി കൂടാതെ വീടിന്‍റെ പടി കടക്കാന്‍ പറ്റില്ല.. ചിലപ്പോ ആരെയെങ്കിലുമൊക്കെ ഞങ്ങള്‍ കുട്ടികളുടെ അകമ്പടിക്ക്‌ വിടാനും മതി!  പിന്നെ 'ഓടല്ലേ കുട്ടി, ചാടല്ലേ കുട്ടി.." എന്നിങ്ങനെ കേട്ടോണ്ടിരിക്കാം..

വേലിയരിപ്പൂവുകളെ ആര്‍ക്കു മറക്കാന്‍ പറ്റും?! 
ഓറഞ്ചും ചെമപ്പും നിറത്തില്‍ മുളവേലിയില്‍  തീപ്പടര്‍പ്പുകള്‍ പോലെ അവയുടെ പൂക്കള്‍.. നിറഞ്ഞു നില്‍ക്കും..വേറൊരു ചെടിയുണ്ട്...കൊള്ളിന്‍ വക്കില്‍ ഒറ്റയ്ക്കും തറ്റയ്ക്കുംകാണുന്ന ഒരു ഒറ്റയാന്‍ ചെടി..
മൂപ്പെത്തിയാല്‍ കൃഷ്ണ വര്‍ണത്തില്‍  തുടുത്തു കാണുന്ന കായകള്‍ ഉണ്ട് ആ ചെടിയ്ക്ക്‌.... അത്  'പൂച്ചക്കുട്ടിക്കായ' ആണെന്ന് സുമിക്കുട്ടിയാണ് പറഞ്ഞത് ...പുളിപ്പും ചവര്‍പ്പും നേരിയ മധുരവും കലര്‍ന്ന പൂച്ചക്കുട്ടിക്കായകള്‍ ഞങ്ങള്‍ പറിച്ചു തിന്നു..

അത്തം പിറന്നാല്‍ പിന്നെ നല്ല രസം...അത്തം കറുത്താല്‍ ഓണം വെളുക്കും, അത്തം വെളുത്താല്‍ ഓണം കറുക്കും എന്നിങ്ങനെ  പ്രവചനങ്ങള്‍ ധാരാളം കേള്‍ക്കാം..
ഓണക്കോടികള്‍ക്ക് പുറമേ ചുമപ്പും സ്വര്‍ണവും കരയുള്ള രണ്ടു കുഞ്ഞു പാവ് മുണ്ടുകള്‍ കിട്ടുന്നത് ഓര്‍മ വരുന്നു.. 
ഇപ്പോള്‍ അത്തരം  പാവ് മുണ്ട് എവിടെയും കാണാറില്ല. 
തിരുവോണത്തിന് ഞങ്ങള്‍ കുട്ടികള്‍ ആ പാവ് മുണ്ട് ചുറ്റി , 
അമ്മമ്മ തൊട്ടു തന്ന  ചന്ദന- ഭസ്മ കുറികളുമായി മുറ്റത്തും തൊടിയിലും ഓടി നടന്നു..ഇടയ്ക്കിടെ  അടുക്കളയിലേക്കോടി വലിയ പപ്പടക്കൊട്ടയില്‍ നിന്നു വറുത്തു വെച്ച ഒരു പപ്പടം എടുത്തു തിന്നും..അല്ലെങ്കില്‍ പയറിന്‍ കൊണ്ടാട്ടമോ ശര്‍ക്കര ഉപ്പെരിയോ..
അതുമല്ലെങ്കില്‍ മുറ്റത്ത്‌ ഉണക്കാന്‍ വെച്ച, തൈരിലിട്ട മുളകുകള്‍ നിറച്ച പാത്രങ്ങള്‍ കാണാം..ഉണങ്ങിപ്പിടിച്ച തൈരിന്‍ കട്ടകള്‍ ആരും കാണാതെ പെറുക്കി തിന്നാന്‍ രസമാണ്..മുളകിന് ചുറ്റുമുള്ള തൈര് മുഴുവന്‍ ഉണങ്ങിക്കഴിഞ്ഞാല്‍ അമ്മയും മൂത്തമ്മയും കൂടെ അവയെ ചെറിയ ചീന ഭരണികളില്‍ നിറച്ചു വെക്കും.. കൊണ്ടാട്ടം ഉണ്ടാക്കാനാണ്...

ഉമ്മറക്കോലായില്‍ പുല്ലുപായ നീളത്തില്‍ വിരിച്ചു വെച്ചിരിക്കും..കുട്ട്യോളും വലിയോരുമൊക്കെ നിരന്നിരുന്നു സദ്യ കഴിക്കാനാണ്..
സദ്യ കഴിഞ്ഞു വെടി വട്ടവുമായി ഇരിക്കുമ്പോള്‍ മുതിര്‍ന്നവരാരോ പറഞ്ഞതോര്‍ക്കുന്നു..."ഓണമുണ്ട് നിറഞ്ഞ വയറേ, ചൂളം പാടിക്കിട!" 
കുട്ടികളായ ഞങ്ങള്‍ക്ക് എന്തുറക്കം!! 
പിന്നെയും ഓട്ടമാണ്...
പിന്നിലെ മുറ്റത്ത്‌ നിറയെ ചുമരോട് ചേര്‍ന്ന് കുഴിയാന കുഴി വെച്ചിട്ടുണ്ട്..
പൊഴിഞ്ഞു വീണ ഇലഞ്ഞിപൂവുകള്‍ പെറുക്കി മാല കെട്ടണം..
പുന്നക്കായകള്‍ ശേഖരിയ്ക്കണം, ഗോലികള്‍ ഉണ്ടാക്കാന്‍!!
പിന്നെ ഞാവല്‍ പഴങ്ങള്‍ തിന്നു വയലറ്റ് നിറമായ നാക്കുകള്‍ പരസ്പരം നീട്ടിക്കാണിക്കണം ...അങ്ങനെ ചെയ്താലും ചെയ്താലും തീരാത്ത വിദ്യകള്‍ ഏറെ ഉണ്ട്!
സിനിമാപ്പാട്ടിന്‍റെ വരികള്‍ പറയും പോലെ ഓര്‍മകള്‍ക്ക് എന്ത് സുഗന്ധമാണ്?
ഏതോ ചക്രവാളത്തില്‍ പോയ്മറഞ്ഞ ഒരു കാലത്തിന്‍റെ നഷ്ട സുഗന്ധം? 
അതോ , ഓര്‍മകളുടെ ഒരു കുന്നു മുഴുവന്‍ സ്വന്തമായുള്ള ഒരാളുടെ അളവറ്റ ആഹ്ലാദത്തിന്‍റെ  സുഗന്ധം?
ആഹ്ലാദത്തിനു സുഗന്ധം ഉണ്ടാവുമോ? 

PS:എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.











Photo courtesy :Shaji Marar



Friday, August 17, 2012

പണ്ടൊക്കെ ചിങ്ങം ഒന്നിന് നേരം വെളുക്കും മുന്നേ കുളിച്ചു അമ്മയോടൊപ്പം 
കൊങ്ങന്നൂര്‍ അമ്പലത്തില്‍ ഉഷപൂജ തൊഴാന്‍ പോകുമായിരുന്നു..
സ്വന്തം അസ്തിത്വത്തെ കൂടുതല്‍ ശക്തമായി വിശ്വസിക്കാനും ആശ്രയിക്കാനും തുടങ്ങിയതോടെ അതൊക്കെ എന്നോ നിന്നു..
എന്നാലും അമ്മ രാവിലെ വിളിച്ചു.. "കുട്ടി നേര്‍ത്തെ കാലത്തെ കുളിച്ച്വോ" എന്ന് അന്വേഷിച്ചു..
ഇന്ന് നേരം വെളുത്തത് തന്നെ എട്ടു മണിയ്ക്കാണ്.. 
എണീക്കാന്‍ എന്ത് മടി! 
എണീറ്റാലും ചായ ഇടാന്‍ മടി..
ചായ് ഇട്ടാലും അത് കുടിച്ചു തുടങ്ങാന്‍ മടി..
ഞാന്‍ എങ്ങനെ ആയാലെന്താ ചിങ്ങത്തിനു വരാതിരിയ്ക്കാന്‍ പറ്റ്വോ! 
കര്‍ക്കടകവും ദുര്‍ഘടവും താണ്ടി ചിങ്ങം വരുക തന്നെ ചെയ്തു..

Wednesday, August 8, 2012


മഴ ഒരു തരം വാശിയോടെ എന്ന പോലെ തകര്‍ത്തു പെയ്യുന്നു...വിണ്ടുകീറാന്‍ തുടങ്ങിയ ഭൂമിയ്ക്ക് മീതെ മഴ നടത്തുന്ന നീരാജനം നോക്കി  ചുമ്മാ ഇരുന്നപ്പോള്‍  കോളിംഗ് ബെല്‍പറവ ചിലച്ചു.. ഇതാരാണപ്പാ ഇമ്മഴേത്ത് എന്ന് പിറുപിറുത്തു ജനല്‍ തുറന്നു നോക്കിയപ്പോള്‍ ഇരുത്തിയുടെ പടിയില്‍ പിടിച്ചു ഒരു വൃദ്ധനായ മനുഷ്യന്‍........

...ഒരു കറുപ്പ് ഇഴ പോലുമില്ലാതെ നരച്ചു തീര്‍ന്ന വെളുത്ത താടി...നരച്ചെങ്കിലും വെണ്മയുള്ള നീളന്‍ കൈ ഷര്‍ട്ട്‌....പരുക്കന്‍ മുണ്ട്..ചിത്ര  തുന്നലുകള്‍ നിറഞ്ഞ വെളുത്ത തൊപ്പി...കണവ നാക്ക് പോലെ അടിതേഞ്ഞു തീര്‍ന്ന പഴയ ഹവായി ചെരിപ്പ്...
ഇതിഹാസത്തില്‍ നിന്നും, വിസ്മൃതിയുടെ തോലുകള്‍  ഉരിഞ്ഞു കളഞ്ഞ്, അള്ളാപ്പിച്ചാ  മൊല്ലാക്ക നേരില്‍ വന്ന പോലെ...
കിഴക്കന്‍ കാറ്റ് വീശുന്നുണ്ടോ? 
നിറഞ്ഞ ചിരി..എങ്കിലും എവിടെയോ ഒരു ദയനീയത തങ്ങി..
വാതില്‍ തുറന്നു ചെന്നപ്പോള്‍ എന്നെ കണ്ടു ചെറുതായൊന്നു പരുങ്ങി,  അതേ നിറഞ്ഞ  ചിരിയോടെ പറഞ്ഞു, "മോളെ, വീട് മാറി കയറി പോയതാണ്.., മുസ്ലിങ്ങളെ വീടാന്നു തോന്നി കേറീതാണ്" .. ഭാര്യയ്ക്ക് കാന്‍സര്‍ ആണ്..ചികിത്സയ്ക്ക് പണം  സ്വരുക്കൂട്ടാന്‍ ഇറങ്ങിയതാ, ഗേറ്റ്ന്‍റെ അപ്പറത്തെ  പള്ളീലെ ഉസ്താദായിനും മോളെ ..."  

അപ്പോള്‍ മഴ തകര്‍പ്പ് നിര്‍ത്തി, ചെറുതായി ചിതറി വീഴുന്നുണ്ടായിരുന്നു...
മുറ്റത്തെ മഞ്ഞ മുളങ്കൂട്ടത്തില്‍  അഭയം തേടിയ ചെമ്പോത്തുകള്‍  ഇടവിട്ടു   കുറുകി..

പതിയ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങിയ വൃദ്ധനെ ഞാന്‍ തിരിച്ചു വിളിച്ചു.. 
കയ്യില്‍ കിട്ടിയ കുറച്ച്  രൂപ ആ  ചുളിഞ്ഞ വൃദ്ധ കരങ്ങളില്‍ വെച്ച് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അദേഹം പെട്ടെന്ന് പറഞ്ഞു " അയ്യോ മോളെ നിങ്ങള്‍ ഒന്നും തരണ്ട..ഞാന്‍ പൊയ്ക്കോളാം..." 

എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അദേഹം ആ പൈസ വാങ്ങി.. " പടച്ചോന്‍ കാക്കട്ടെ മോളെ"...അള്ളാ.."
പിന്നെ  കൈകള്‍ രണ്ടും ആകാശത്തെയ്ക്കുയര്‍ത്തി ധ്യാനിച്ചു.. , മുറ്റത്തെ ഓരം ചേര്‍ന്ന്  തിരിഞ്ഞു നടന്നു..
അപ്പോള്‍  ഖസാക്കില്‍ പെയ്തതു പോലെ  വെളുത്ത മഴ എന്‍റെ മുറ്റത്ത്‌ പെയ്തു കൊണ്ടേയിരുന്നു...അനാദിയായ അതേ മഴ.