Monday, December 20, 2010

ഒരു വര്‍ഷകാലത്തിന്‍റെ സ്മൃതിപഥത്തിലൂടെ ..

ജനല്‍ വഴി വന്ന ശീതക്കാറ്റു നെറ്റിയില്‍ ആഞ്ഞു തൊട്ടപ്പോള്‍, പഴയ ഒരു മഴക്കാലം ഓര്‍മവന്നു.. കൊടും മഴയായിരുന്നു അന്നതെത്...കടലോളം വലിയ പയ്യോളി സ്കൂള്‍ മൈതാനം...
കനത്ത കാറ്റില്‍ കുട ചാഞ്ഞും ചെരിഞ്ഞും, ഇടയ്ക്ക് മലക്കം മറിഞ്ഞും എന്നെ നനച്ചു...നനഞ്ഞു കഴിഞ്ഞാല്‍, ശീലക്കുട പോലെ വലിച്ചു കളയാന്‍ തോന്നിപ്പിക്കുന്ന വേറൊന്നില്ല.. അമ്മ സാരി വലിച്ചു കുത്തി  ധൃതി   പിടിച്ച്   നടന്നു.. ചെറിയ ബസ്‌ സ്റ്റോപ്പില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു.. .. അമ്മ   ആ തിരക്കില്‍  എങ്ങനെയൊക്കെയോ ഒരിത്തിരി സ്ഥലമുണ്ടാക്കി ....
അപ്പോഴാണ്‌ ആ ഭ്രാന്തന്‍റെ വരവ്...നരച്ചു പിഞ്ഞിയ നീല ഷര്‍ട്ട്‌..കോലന്‍ മുടി നനഞ്ഞൊട്ടി..മഴയെക്കാള്‍ പിറുപിറെ നിര്‍ത്താതെ സംസാരിച്ചു കൊണ്ട് അയാള്‍ ബസ്‌ സ്റ്റോപ്പിലേയ്ക്ക് വന്നു... ഞാന്‍ പേടിയോടെ അമ്മയെ മുറുകെ പിടിച്ചതായി ഓര്‍ക്കുന്നു....
"എന്താണമ്മേ അയാള്‍ അങ്ങനെ" എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു കൊണ്ടിരുന്നു.. അയാള്‍ ഒരു ഭ്രാന്തനാണെന്ന് അമ്മ എന്‍റെ ചെവിയില്‍ പതിയെ പറഞ്ഞു....ഉച്ചത്തിലെങ്കിലും അവ്യക്തമായിരുന്നു അയാളുടെ ഭാഷ.. ചിലപ്പോള്‍ കരയുകയും മറ്റു ചിലപ്പോള്‍ ദേഷ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നു അയാള്‍....
ആദ്യമായി ഒരു ഭ്രാന്തനെ കണ്ടതിന്‍റെ ഭീതിയും അത്ഭുതവും അസ്വസ്ഥതയും ഒക്കെ കൂടെ കലര്‍ന്ന ഒരു അവസ്ഥയിലായിരുന്നു എന്‍റെ  മനസ്സ്..

അതിനിപ്പുറം  എത്ര  വര്‍ഷങ്ങള്‍ പോയ്മറഞ്ഞു..
ആ മഴക്കാലവും അമ്മയുടെ കയ്യില്‍ തൂങ്ങിയുള്ള സ്കൂള്‍ യാത്രയും ഓര്‍മകളായി അവശേഷിച്ചു.  
എങ്കിലും അന്നത്തെ കാലവര്‍ഷവും, ചീറിയടിച്ച കാറ്റും, ബസ്‌ സ്റ്റോപ്പിലെ ഭ്രാന്തനും ഇന്നും ഓര്‍മയിലുണ്ട്..  ഒരിക്കല്‍ കൂടി തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ഇടയ്ക്കൊക്കെ ആഗ്രഹിച്ചു പോകാറുള്ള ഒരു കാലത്തിന്‍റെ തീവ്രസുന്ദരങ്ങളും ഉദ്വേക ഭരിതങ്ങളുമായ വെളിപ്പെടലുകളും തിരിച്ചറിവുകളും...